മോട്ടോർ വാഹന കേസുകൾ ഇനി വെർച്വൽ കോടതിയിൽ
Friday, March 5, 2021 12:36 AM IST
തൃശൂർ: ട്രാഫിക് നിയമലംഘനത്തിനു കൈയോടെ പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്ക്. മാസങ്ങൾക്കു മുമ്പുതന്നെ ഇ-ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. വാഹനം നിർത്താതെതന്നെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ-ചലാൻ.
വാഹന ഉടമ വാഹന രജിസ്ട്രേഷൻ സമയത്തു നൽകിയ മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വാഹൻ.പരിവാഹൻ എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പർ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും.
വാഹന ഉടമയ്ക്കു വാഹനത്തിന്റെ പെൻഡിംഗ് ചലാൻ പരിശോധിക്കുന്നതിനും പിഴ ഒടുക്കുന്നതിനും echallan.parivah an.go v.in എന്ന വെബ്സൈറ്റിൽ ചെക്ക് ചലാൻ സ്റ്റാറ്റസ് എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.
പതിനഞ്ചു ദിവസത്തിൽ കൂടുതലായി പിഴ അടയ്ക്കാത്ത വാഹനത്തിന്റെ ചലാനാണ് വെർച്വൽ കോർട്ടിലേക്ക് അയയ്ക്കുക. കോടതിയിലെത്തിയാൽ പിഴ ഒടുക്കുന്നതിനായി vcourts.gov.in എന്ന വെബ്സൈറ്റിൽ കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വിഭാഗത്തിൽ ക്ലിക്കു ചെയ്യണം.
കേസുകൾ വെർച്വൽ കോടതികളിലേക്കു അയയ്ക്കാൻ തുടങ്ങിയതായി ആർടിഒ (എൻഫോഴ്സ്മെന്റ്) എം.പി. ജയിംസ് അറിയിച്ചു. ഫോണ്. 9188963108.