സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി
Wednesday, April 14, 2021 12:49 AM IST
കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കള്ളത്തെളിവ് ഉണ്ടാക്കാന്‍ സ്വർണക്കടത്തു കേസ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. എറണാകുളം സെഷന്‍സ് കോടതിയിലാണ് അനുമതിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ 16നു പരിഗണിക്കാന്‍ മാറ്റി.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന്ധിച്ചെന്നാണു ക്രൈംബ്രാഞ്ച് കേസ്. 2020 ഓഗസ്റ്റ് അഞ്ച് മുതല്‍ 17 വരെ ഇഡി കസ്റ്റഡിയിലിരിക്കെയാണു വ്യാജ മൊഴി നല്കാൻ സ്വപ്നയെ നിര്‍ബന്ധിച്ചെന്നു സംരക്ഷണ ചുമതലയുണ്ടായിരുന്ന വനിതാ പോലീസുകാരി മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയുന്നതിന് ഇഡി ഉദ്യോഗസ്ഥന് കൃത്രിമ തെളിവുണ്ടാക്കിയതായും ക്രൈംബ്രാഞ്ച് പറയുന്നു.