ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇവിടെ വരുന്നവർ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം.
ആർടിപിസിആർ പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യുക. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, ആളകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
ആർടിപിസിആർ പരിശോധന നടത്തുന്നില്ലെങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയുകയും ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർടിപിസിആർ പരിശോധന നടത്തുകയും വേണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.