കര്‍ഷകരെ മറയാക്കി മരം വെട്ടി: പി.ടി. തോമസ്
Sunday, June 13, 2021 12:59 AM IST
കൊച്ചി: കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടു പോകാനായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ട്. ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന അദ്ദേഹം അവിടെ കിടന്നു ചെളിവാരിയെറിയാതെ ജനങ്ങളോട് മറുപടി പറയണമെന്നും തോമസ് ആവശ്യപ്പെട്ടു.
വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനയ്ക്കുശേഷമാണു മരം മുറിക്കുന്നത്. ഇതിനു തടസംനിന്നാല്‍ കനത്ത ശിക്ഷയുണ്ടെന്ന് ഉത്തരവില്‍ ഉണ്ടായിരുന്നതിനാൽ ആരും ഇടപെട്ടില്ല. ഉത്തരവ് കര്‍ഷകരെ സഹായിക്കാനല്ലെന്നു വ്യക്തമാണ്. ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോകാനായിരുന്നു വിവാദ ഉത്തരവ്. ഇതിന്റെ ലക്ഷ്യം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. അന്വേഷണച്ചുമതല ഏല്‍പ്പിച്ച എഡിജിപി ശ്രീജിത്ത് ആരാണെന്നും എന്താണെന്നും എല്ലാവര്ക്കും അറിയാമെന്നും പി.ടി. തോമസ് പറഞ്ഞു.