ഏത് അന്വേഷണവും നേരിടാമെന്ന് കെ.സുധാകരൻ
Tuesday, July 6, 2021 12:34 AM IST
തിരുവനന്തപുരം : കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു സാന്പത്തിക തിരിമറിയും ഉണ്ടായിട്ടില്ലെന്നും വിജിലൻസ് അല്ല മറ്റേതൊരു അന്വേഷണവും നേരിടാൻ തയാറാണെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തനിക്കെതിരേ അഴിമതിയാരോപണവുമായി വന്നിട്ടുള്ള പ്രശാന്ത് ബാബു കോണ്‍ഗ്രസുകാരനായിരുന്നു.
ബാങ്കിൽ തിരിമറി നടത്തിയതിന്റെ പേരിൽ പാർട്ടിയിൽനിന്ന് അയാളെ പുറത്താക്കിയതാണ്. ജോലി വാങ്ങിത്തരാമെന്നു പറഞ്ഞു പലരിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടുണ്ട്. രാവും പകലും മദ്യപിക്കുന്ന വിശ്വാസയോഗ്യനല്ലാത്ത ഒരാളുടെ പരാതിയിൽ സർക്കാർ കേസെടുക്കുന്നതു പരിശോധിക്കണമെന്നും കെ.സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ എയർപോർട്ടിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞു പലരോടും പരാതിക്കാരൻ പണം വാങ്ങിയിട്ടുണ്ട്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസ് പാർട്ടിയിൽ നിലനിർത്താനാകില്ല. ഇപ്പോൾ അയാൾ സിപിഎമ്മാണ്. അന്വേഷണങ്ങളോടൊന്നും തനിക്കു ഭയമില്ല. സിബിഐ അന്വേഷണമോ ജുഡീഷൽ അന്വേഷണമോ ആകാമെന്നും സുധാകരൻ പറഞ്ഞു.