സ്വര്‍ണക്കടത്ത് കേസിൽ സമ്മര്‍ദങ്ങൾ ഉണ്ടായെന്നു കസ്റ്റംസ് കമ്മീഷണര്‍
Sunday, August 1, 2021 12:34 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു പലവിധ സമ്മര്ദങ്ങളുണ്ടായെന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ബാഹ്യസമ്മര്ദങ്ങളുണ്ടായെങ്കിലും വഴങ്ങിയില്ല. അന്വേഷണം സുതാര്യമായിത്തന്നെയാണു നടത്തിയത്. കേരള പോലീസിന്റെ സഹകരണം ഒട്ടുമില്ലായിരുന്നു. രാഷ് ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലേക്ക് ജിഎസ്ടി കമ്മീഷണറായി സ്ഥലംമാറിപ്പോകുന്ന സുമിത് കുമാര്‍ പത്രസമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന്, ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങുന്ന ആളല്ല താനെന്നായിരുന്നു മറുപടി.
കസ്റ്റംസിനുനേരേ പലതവണ അക്രമങ്ങള്‍ ഉണ്ടായിട്ടും കേരളാ പോലീസ് ഒരു കുറ്റപത്രം പോലും തയാറാക്കിയില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ജുഡീഷല്‍ കമ്മീഷന് അന്വേഷണം കേട്ടുകേള്‍വിയില്ലാത്തതും വിഡ് ഢിത്തവുമാണ്. ഡോളര്‍ കടത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനു നേരിട്ടു ബന്ധമില്ലെങ്കിലും ചില നയതന്ത്ര ഉദ്യോഗസ്ഥരുമായി ജലീലിനു ബന്ധമുണ്ട്. അക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും സുമിത് കുമാര്‍ പറഞ്ഞു.