മന്ത്രിമാരെല്ലാം അച്ചടക്കമുള്ള കുട്ടികൾ; പരിശീലന ക്ലാസുകൾ ഇന്നു സമാപിക്കും
Wednesday, September 22, 2021 12:07 AM IST
തിരുവനന്തപുരം: ഭരണ വിഷയങ്ങൾ പഠിക്കുന്നതിനായി സംസ്ഥാന മന്ത്രിമാരെല്ലാം അച്ചടക്കമുള്ള കുട്ടികളെപ്പോലെ രാവിലെ 9.30നു മുൻപു ക്ലാസിൽ ഹാജരാകും.
തിരുവനന്തപുരം ഐഎംജിയിൽ രാവിലെ 9.30 നു മന്ത്രിമാർക്കുള്ള പരിശീലന പരിപാടി ആരംഭിക്കുന്നതിനാലാണ് ഇതിനു മുൻപു തന്നെ ക്ലാസുകളിൽ ഹാജർ വയ്ക്കുന്നത്. ക്ലാസുകളിൽ സാകൂതം കേട്ടിരിക്കുന്ന മന്ത്രിമാർ സംശയ നിവാരണവും നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 1.45 വരെ പരിശീലന പരിപാടി നീളും.
കഴിഞ്ഞ രണ്ടു ദിവസമായി മന്ത്രിമാർക്കായി നടത്തി വരുന്ന പരിശീലന പരിപാടി ഇന്നു സമാപിക്കും. മൂന്നാം ദിവസമായ ഇന്ന് ഗ്രൂപ്പ് ഫോട്ടോ സെഷനോടെയാണ് പരിശീലന പരിപാടിക്കു സമാപനമാകുന്നത്. പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ക്ലാസെടുക്കാൻ ഇന്നലെ നിശ്ചയിച്ചിരുന്ന നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന് എത്താനായില്ല. അദ്ദേഹം ഇന്നു ഉച്ചയ്ക്കു നടക്കുന്ന സെഷനിൽ ക്ലാസെടുക്കാനെത്തും.
മന്ത്രിമാർ പരിശീലന പരിപാടിയിലായ സാഹചര്യത്തിൽ ഇന്നത്തെ മന്ത്രിസഭായോഗം വൈകുന്നേരം നാലിനു ചേരും. പരിശീലനം കഴിയുന്പോൾ മന്ത്രിമാർക്കെല്ലാം പുസ്തകങ്ങൾ സമ്മാനമായുണ്ട്.
ഇന്നലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഇ ഗവേണൻസിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഫണ്ടിംഗ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനയെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധ ഡോ.ഗീതാ ഗോപാലും മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറും ഇന്നലെ ക്ലാസ് എടുത്തു.