ഐഎല്ജിഎംഎസിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
Saturday, September 25, 2021 11:26 PM IST
കൊച്ചി: പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) സോഫ്റ്റ്വെയര് ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്ഗനൈസേഷന്.
പരിശീലനത്തിന്റെ അഭാവവും സോഫ്റ്റ്വെയറുകളുടെ പോരായ്മയും, സെര്‍വറിന്റെ ശേഷിക്കുറവുമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി നൈറ്റോ ബേബി അരീക്കല്‍ ചൂണ്ടിക്കാട്ടി.
വകുപ്പ് ഇടപെട്ടു പരിഹരിക്കേണ്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാത്തതു മൂലമുണ്ടാകുന്ന പ്രതിസന്ധികളില്‍ പഞ്ചായത്ത് ജീവനക്കാർക്കു നേരെ അധിക സമ്മര്‍ദം നല്‍കുകയും അച്ചടക്ക നടപടി എന്ന ഭീഷണി ഉയര്‍ത്തുന്നതും ആശാസ്യമല്ല. കാര്യക്ഷമമായ രീതിയില്‍ പഞ്ചായത്ത് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
എഎല്ജിഎംഎസ് സംവിധാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണം. ഓണ്‍ലൈന്‍ സേവനങ്ങളില്‍ പഞ്ചായത്ത് ഓഫീസുകളുടെ ഡാറ്റകള്‍ ശേഖരിക്കുന്നതിനു മാത്രമായി വിപുലമായ ശേഷിയുള്ള സെര്‍വര്‍ അടിയന്തരമായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.