പഞ്ചാരിമേളത്തിൽ ക്ഷേത്രപരിസരത്ത് അരങ്ങേറ്റം കുറിച്ച് ഡോ.അബ്ദുള്ളക്കുട്ടി
Tuesday, October 19, 2021 11:41 PM IST
എടപ്പാൾ: ജീവിത സായാഹ്നത്തിൽ വാദ്യകല പരിശീലിച്ച് ക്ഷേത്രമുറ്റത്ത് അരങ്ങേറ്റം നടത്തി ഡോ.അബ്ദുള്ളക്കുട്ടി. എടപ്പാൾ തലമുണ്ട മാനത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കോലക്കാട്ട് ഡോ.അബ്ദുള്ളക്കുട്ടിയാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം നടത്തിയത്.
കുന്നത്തൂർകാവ് ക്ഷേത്രമുറ്റത്ത് കുട്ടികൾക്കൊപ്പമായിരുന്നു 65 കാരനായ ഡോക്ടറുടെ അരങ്ങേറ്റം. ചെണ്ടവാദ്യ വിദഗ്ധനായ ശുകപുരം ദിലീപിന്റെ ശിക്ഷണത്തിലാണ് രണ്ടര വർഷം കൊണ്ടു അദ്ദേഹം ചെണ്ടകൊട്ടാൻ പഠിച്ചത്. ക്ഷേത്ര വാദ്യകലകളോടുള്ള താത്പര്യമാണ് ആയുർവേദ ഡോക്ടറായ അബ്ദുള്ളക്കുട്ടിയെ ഈ രംഗത്തേക്ക് ആകർഷിച്ചത്. അഞ്ചു വയസു മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കൊപ്പമായിരുന്നു അരങ്ങേറ്റം.
കോട്ടക്കൽ ആയുർവേദ കോളജിലെ ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയ അബ്ദുള്ളക്കുട്ടി, വിദേശത്തും നാട്ടിലും സേവനമനുഷ്ഠിച്ച് ഇപ്പോൾ വിശ്രമജീവിതത്തിലാണ്. വീടിനു സമീപത്തെ മാനത്തുകാവ് ക്ഷേത്രത്തിൽനിന്നു നിരന്തരം ചെണ്ടവാദ്യം കേട്ടാണ് ഈ കലയിൽ താത്പര്യം തോന്നിയത്.
പൊന്നാനി എംഇഎസ് കോളജിലെ ജിയോളജി വിഭാഗം മേധാവി ആയിഷയാണ് ഭാര്യ.ഹാരിസ് അബ്ദുള്ളക്കുട്ടി (തിരുച്ചിറപ്പള്ളി എയർപോർട്ട് അസിസ്റ്റന്റ് മാനേജർ),ഹിബ അബ്ദുള്ള (ബിടെക്)എന്നിവർ മക്കളാണ്.