വിദ്യാർഥി കണ്സെഷൻ; ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനുമായി ചർച്ച
Friday, December 3, 2021 12:12 AM IST
തിരുവനന്തപുരം: വിദ്യാർഥികകളുടെ ബസ് ചാർജ് കണ്സഷൻ സംബന്ധിച്ച് അടുത്തയാഴ്ച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷനുമായി ചർച്ച നടത്തുമെന്നു ഗതാഗതമന്ത്രി അഡ്വ.ആന്റണി രാജു. ബസ് ചാർജ് വർധനവ് സംബന്ധിച്ച് വിദ്യാർഥി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് നേരത്തേ നല്കിയ റിപ്പോർട്ടിൽ പറഞ്ഞത് വിദ്യാർഥികളുടെ കണ്സഷൻ ഒരു രൂപയിൽനിന്നും അഞ്ചുരൂപയായി വർധിപ്പിക്കണമെന്നാണ്. എന്നാൽ ഇന്നലെ വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ യാത്രാഭാരം വർധിപ്പിക്കാതെ നിലവിലുള്ള കണ്സഷൻ നിരക്ക് അതേ പോലെ തുടരണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവച്ചത്.
2012-ൽ ആണ് ഇതിനു മുന്പ് കണ്സഷൻ വർധിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുത്തു.