തദ്ദേശ സ്ഥാപനങ്ങളിൽ സമൂഹ അടുക്കള പുനഃസ്ഥാപിക്കാൻ നിർദേശം
Friday, January 28, 2022 1:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമൂഹ അടുക്കളകൾ പുനഃസ്ഥാപിക്കാൻ മന്ത്രിസഭാ നിർദേശം. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്യൂണിറ്റി കിച്ചനോ ജനകീയ ഹോട്ടലുകളോ മുഖേന രോഗികൾക്കു ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തണം.
വീടുകൾ കേന്ദ്രീകരിച്ചു രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഭക്ഷണം എത്തിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. പ്രദേശത്തു നേരത്തെയുണ്ടായിരുന്ന കമ്യൂണിറ്റി കിച്ചനുകൾ കോവിഡ് രൂക്ഷത കുറഞ്ഞതിനെ തുടർന്നു നിർത്തലാക്കിയിരുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാതു പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയിൽ ഒരിക്കൽ മോണിറ്ററിംഗ് നടത്തണം. വാർഡുതല ജാഗ്രതാ സമിതി യോഗങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളിൽ വാർഡുതല സമിതികൾ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചേർന്ന് സ്ഥിതിഗതി വിലയിരുത്തണമെന്നു മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ നിർദേശം നൽകി.
തദ്ദേശ സ്ഥാപന തലത്തിൽ പ്രാഥമിക കരുതൽ ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി), ഡിഡിസികൾ എന്നിവയിൽ രോഗികൾക്ക് ആവശ്യമുള്ള സൗകര്യം ഒരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഏർപ്പാടാക്കണം. ഇത്തരം സംവിധാനങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങരുത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാർഡുതല ജാഗ്രതാ സമിതികൾ മുഖേന സിഎഫ്എൽസിടി സൗകര്യങ്ങളുടെ വിവരം ജനങ്ങളിലേക്കെത്തിക്കണമെന്നും നിർദേശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്സ്ഗ്രേഷ്യ ധനസഹായം അർഹതപ്പെട്ടവർക്കെല്ലാം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണം. ഇനിയും അപേക്ഷിക്കാത്തവരെ അപേക്ഷ സമർപ്പിക്കാനും തുടർ ഇടപെടൽ നടത്തുകയും വേണം.
വാർ റൂമും റാപ്പിഡ് റെസ്പോണ്സ് ടീമുകളും പുനഃസംഘടിപ്പിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ അതു പുനഃസംഘടിപ്പിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.