ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ എന്‍സിപി രംഗത്ത്
Thursday, May 26, 2022 1:26 AM IST
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ എന്‍സിപി രംഗത്ത്. ഗതാഗത രംഗത്ത് ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മുത്തലിഫ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏഴു പാസഞ്ചര്‍ കപ്പലുകളും ഒരു കാര്‍ഗോയും ഉണ്ടായിരുന്ന ദ്വീപസമൂഹത്തില്‍ ഇപ്പോള്‍ കേരളത്തിലേക്കടക്കം വരുന്നതിനായി ആകെ രണ്ടു കപ്പലുകള്‍ മാത്രമാണുള്ളത്. ദ്വീപ് സമൂഹത്തിലുണ്ടായിരുന്ന ആശുപത്രികളുടെ സേവനവും ദ്വീപുകാര്‍ക്ക് പൂര്‍ണമായും ലഭ്യമല്ലാത്ത തരത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചികിത്സയ്ക്കടക്കം കേരളത്തിലേക്കു വരേണ്ട സ്ഥിതിയായി. കൃത്യമായ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഇതിനു വിഘാതം സൃഷ്ടിക്കുന്നു. ഏറെ താമസിയാതെ തന്നെ ഭക്ഷണസാധനങ്ങളുടെ കാര്യത്തിലും ഈ പ്രശ്നമുണ്ടാകും. ഇതിനെതിരെയാണ് എന്‍സിപി സമരരംഗത്തേക്കിറങ്ങിയത്.