നെടുന്പാശേരി എയർപോർട്ട് വഴി കടത്തിയ ഒന്നരക്കിലോ സ്വർണം പിടികൂടി
Monday, June 20, 2022 12:53 AM IST
കൊടുങ്ങല്ലൂർ: നെടുന്പാശേരി എയർപോർട്ട് വഴി കടത്തിയ ഒന്നരക്കിലോ സ്വർണം പിടിച്ചെടുത്തു. രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം വള്ളുന്പറം സ്വദേശി തൊണ്ടിയിൽ നിഷാജ് (27), അഴീക്കോട് ചെമ്മാത്ത് പറന്പിൽ സിബീൽ (44) എന്നിവരെയാണു രാത്രികാല പട്രോളിംഗിൽ എസ്എച്ച്ഒമാരായ ബ്രിജുകുമാറും ആന്റണിയും ചേർന്നു പിടികൂടിയത്.
നെടുന്പാശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം മലപ്പുറത്തേക്കു കാറിൽ കൊണ്ടുപോകുന്നതിനിടയിലാണു പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്രയുടെ നിർദേശപ്രകാരം നൈറ്റ് പട്രോളിംഗിനിടെ നടത്തിയ വാഹന പരിശോധനയിലാണു മലപ്പുറം സ്വദേശി നിഷാജിനെ കൊടുങ്ങല്ലൂരിൽവച്ചു പിടികൂടിയത്.
ട്രൗസറിലും ടീഷർട്ടിലും കാറിന്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണു സ്വർണം കണ്ടെത്തിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുന്പാശേരിയിലേക്കു സ്വർണമെത്തിച്ച അഴീക്കോട് സബീലിനെ ചാവക്കാട് അണ്ടത്തോട് ഭാഗത്തു നിന്നും കുടുംബത്തോടൊപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
300 ഗ്രാമോളം വരുന്ന സ്വർണം അഞ്ച് കാപ്സ്യൂകൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും സഹീൽ എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന ട്രൗസറിലും ടീഷർട്ടിലും ഉള്ള തുണികളുടെ രണ്ടു ലെയറുകൾക്കിടയിൽ പശതേച്ച് ഒട്ടിച്ച സ്വർണത്തരികളുള്ള വസ്ത്രം ധരിച്ചാണ് എയർപോർട്ട് വഴി സ്വർണം കടത്തിയത്.
വസ്ത്രത്തിനുള്ളിൽ സ്വർണത്തരികളുടെ പാളികൾ തീർത്തു നെടുന്പാശേരി എയർപോർട്ട് വഴി സ്വർണം കടത്തുന്നതു പിടിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു.
ദുബായിൽവച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരീക്ഷണം നടത്തിയശേഷമാണു പുതിയ മാർഗത്തിലൂടെ സ്വർണം കടത്തിയത്. നിഷാജ് സമാനമായ രീതിയിൽ മുൻപും സ്വർണം കടത്തിയിട്ടുണ്ട്