ലോക കേരള സഭ ബഹിഷ്കരണം: നടപ്പാക്കിയതു യുഡിഎഫ് തീരുമാനമെന്നു മുസ്ലിം ലീഗ്
Monday, June 20, 2022 1:32 AM IST
തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് ന്യായമെന്നും യുഡിഎഫ് തീരുമാനമാണ് പ്രതിപക്ഷം നടപ്പാക്കിയതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
പ്രതിപക്ഷ ജനപ്രതിനിധികൾ വിട്ടു നിന്നെങ്കിലും യുഡിഎഫിലെ പാർട്ടികൾ അനുവദിച്ചതിനാലാണ് തങ്ങളുടെ പ്രവാസി സംഘടനകൾ കേരള സഭയിൽ പങ്കെടുത്തെതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട് ആക്രമിച്ചതടക്കമുള്ള കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനാലാണ് പ്രതിഷേധമെന്ന നിലയിൽ യുഡിഎഫ് വിട്ടു നിന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ സമ്പൂർണ ബഹിഷ്കരണമായിരുന്നു. പരിപാടി നടക്കട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം ഇത്തവണ സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ ലോകകേരള സഭയിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തെ വിമർശിച്ച എം.എ. യൂസഫലിയെ തള്ളാത്ത നിലപാടാണ് മുസ്ലിംനലീഗ് നേതൃത്വം കൈക്കൊണ്ടത്. യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.