പകർച്ചപ്പനിക്കെതിരേ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ്
Saturday, June 25, 2022 12:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ സാധ്യതയുണ്ട്.
കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച് വൺ എൻ1, ചിക്കൻ പോക്സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്ന് മന്ത്രി പറഞ്ഞു.
മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് (സീസണൽ ഇൻഫ്ളുവൻസ) കൂടുതലായും കണ്ട് വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല.
സാധാരണ വൈറൽ പനി സുഖമാവാൻ മൂന്നു മുതൽ അഞ്ച് ദിവസം വരെ വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം.