കന്പനി ഡയറക്ടറാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച തട്ടിപ്പുവീരൻ അറസ്റ്റിൽ
Friday, November 25, 2022 11:12 PM IST
കളമശേരി: കമ്പനിയിലെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയയാൾ പോലീസ് പിടിയിൽ.
മലപ്പുറം തിരൂർക്കാട് സ്വദേശി ഷിഹാബ് മൻസിലിൽ എസ്.ടി.ആർ. തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന സയ്യിദ് താരിഖ് റഹ്മത്തുള്ള യാസീൻ (42) ആണ് കളമശേരി പോലീസിന്റെ പിടിയിലായത് . കളമശേരി സ്വദേശിയും യുനാനി ഡോക്ടറുമായ ഡോ. അജ്മലിനെ തന്റെ കമ്പനിയുടെ ഡയറക്ടറാക്കാം എന്ന പേരിൽ 21 ലക്ഷം രൂപയോളമാണ് ഇയാൾ തട്ടിയെടുത്തത്. നിരവധി പേർ ഇത്തരത്തിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കളമശേരി പോലീസിനെ സമീപിച്ചിട്ടുണ്ട്.
2021 ൽ കളമശേരിയിൽ ഓഫീസ് നടത്തിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്. രണ്ടു മാസത്തിനകം ഓഫീസ് പൂട്ടി മുങ്ങിയ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും കിട്ടാതായതോടെയാണ് വഞ്ചിക്കപ്പെട്ടതായി മനസിലായത്.
തങ്ങൾ കുടുബത്തിലെ അംഗമാണെന്ന പേരിൽ പലരും ഇയാൾക്കെതിരേ പരാതി പറയാൻ തയാറായിരുന്നില്ല. അതു മുതലെടുത്തായിരുന്നു തട്ടിപ്പ്. പള്ളിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് ഇരകളിൽ കൂടുതലും. കളമശേരിയിൽനിന്നു മുങ്ങിയ ഇയാൾ അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. വിദേശത്തേക്കു കടക്കാൻ ഇടയുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇയാൾക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും ഇറക്കി.
വിദേശത്തേക്ക് കടക്കാനായി ഇന്നലെ തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഇയാളെ എമിഗ്രേഷനിൽ തടഞ്ഞു വച്ച് എയർപോർട്ട് അധികൃതർ കളമശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശേരി പോലിസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്ഐ ബാബു, ഷുക്കൂർ, അനിൽകുമാർ, മുഹമ്മദ് ഇസ്ഹാഖ്, ഷെമീർ എന്നിവരായിരുന്നു അന്വേഷണം നടത്തിയത്.