ബനീഞ്ഞാ കവിതകള്‍ കാവ്യാത്മകമായി ആധ്യാത്മികതയെ പ്രതിഷ്ഠിക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
Sunday, December 4, 2022 12:53 AM IST
പാലാ: വായനക്കാരുടെ ഹൃദയത്തില്‍ ഇരിപ്പിടം നേടി കാവ്യാത്മകമായി ആധ്യത്മികതയെ പ്രതിഷ്ഠിക്കുന്നവയാണ് ബനീഞ്ഞാ കവിതകളെന്നും ഈ കവിതകള്‍ ക്രിസ്തുവിനെ മുന്നില്‍ നിര്‍ത്തി ലൗകികതയെ എപ്രകാരം ജയിക്കണമെന്നുള്ള ഉത്തരം നല്‍കുന്നുവെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
സിസ്റ്റര്‍ മേരി ബനീഞ്ഞാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ബനീഞ്ഞാ അനുസ്മരണസമ്മേളനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പാലാ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന സമ്മേളനത്തില്‍ ബനീഞ്ഞാ സാഹിത്യ അവാര്‍ഡ് തേക്കിന്‍കാട് ജോസഫിനും വാനമ്പാടി അവാര്‍ഡ് ഫാ.ജസ്റ്റിന് ഒസിഡിക്കും ബിഷപ് സമ്മാനിച്ചു.
സമ്മേളനത്തില്‍ ഫൗണ്ടേഷന് ചെയര്‍മാനും പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസുമായ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സനും സിഎംസി ജയമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ ഡോ. സിസ്റ്റര്‍ സിജി തെരേസ് ആമുഖപ്രഭാഷണവും കുറവിലങ്ങാട് ദേവമാതാ കോളജ് മലയാള വിഭാഗം തലവന്‍ ഡോ. സിബി കുര്യന് അനുസ്മരണപ്രഭാഷണവും നടത്തി.