വില്ലേജ് ഓഫീസുകളിൽ ഓഡിറ്റിംഗ് നടത്താത്ത കളക്ടർമാരുടെ നടപടിയിൽ സർക്കാരിന് അതൃപ്തി
Thursday, January 26, 2023 12:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞ മൂന്നു വർഷമായി ഓഡിറ്റിംഗ് നടപടികൾ (ജമാബന്തി പരിശോധന) മുടങ്ങിക്കിടക്കുന്നതിലെ അതൃപ്തി ജില്ലാ കളക്ടർമാരെ അറിയിച്ച് സർക്കാർ. വില്ലേജ് ഓഫീസുകളിലെ റവന്യു വരുമാനം, രജിസ്റ്ററുകളുടെ പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഡിറ്റിംഗ് നടപടികൾ പുനരാരംഭിക്കാൻ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.
ഭൂനികുതി, കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, വസ്തുപോക്കുവരവ് അടക്കം 12 ഇനങ്ങളിലാണ് വില്ലേജ് ഓഫീസുകളിൽ വരുമാനം. ഇങ്ങനെ പിരിഞ്ഞു കിട്ടുന്ന തുകകൾ സർക്കാരിലേക്ക് കൃത്യമായി അടയ്ക്കുന്നുണ്ടോ, ഭൂനികുതി അടക്കം കുടിശിക ഇല്ലാതെ പിരിക്കുന്നുണ്ടോ എന്നത് ജമാബന്തി പരിശോധനയിൽ വ്യക്തമാവും. ഭൂമിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ, പുറന്പോക്ക് സംബന്ധിച്ച രേഖകൾ, വില്ലേജ് പരിധിയിലെ സർവേ കല്ലുകളുടെ കണക്ക്, ഓഫീസ് ഫർണിച്ചറുകൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഈ പരിശോധനയിൽ ഉൾപ്പെടും.
ഓരോ ജില്ലയിലും ആർഡിഒ/ ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തേണ്ടത്. ഇതിനു മുന്നോടിയായി താലൂക്ക് തലത്തിലുള്ള പ്രത്യേക ഇൻസ്പെക്ഷൻ ടീം വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കും.
ഈ റിപ്പോർട്ട് വിലയിരുത്തിയാണ് ജമാബന്തി പരിശോധനയിൽ ചെക്ക് മെമ്മോറാണ്ടം തയാറാക്കുക. ഇതിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കാൻ ജില്ലാ കളക്ടർമാർ അതാത് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകുകയാണു പതിവ്.