ഭിന്നശേഷിക്കാര്‍ക്കു പരീക്ഷാകേന്ദ്രം: കമ്മീഷണറുടെ നിർദേശം നിലനിൽക്കില്ലെന്നു ഹൈക്കോടതി
Wednesday, February 8, 2023 12:29 AM IST
കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തില്‍ പിഎസ്സിക്കു ശിപാര്‍ശ ചെയ്യാന്‍ മാത്രമേ ഭിന്നശേഷി കമ്മീഷണര്‍ക്കു കഴിയൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭിന്നശേഷിയുള്ള ഹര്‍ജിക്കാരനു താമസസ്ഥലത്തിനു സമീപം പിഎസ്സി പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
സെലക്ഷന് പ്രക്രിയയില്‍ പങ്കെടുക്കുന്ന അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വസതിക്കു സമീപം പരീക്ഷാകേന്ദ്രങ്ങള്‍ നല്‍കണമെന്ന കമ്മീഷണറുടെ നിര്‍ദേശം അധികാരപരിധിക്കുമപ്പുറത്തുള്ളതാണെന്നും നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.
നിയമപ്രകാരം കമ്മീഷണര്‍ ഇത്തരം നിയമനടപടി കൈക്കൊണ്ടത് നിയമപരമല്ലെന്ന് ജസ്റ്റീസ് ഷാജി പി. ചാലി നിരീക്ഷിച്ചു. 2016 ലെ അംഗപരിമിതരുടെ അവകാശ നിയമത്തിലെ 80-82 വകുപ്പുകള്‍ പരിശോധിച്ച ശേഷമാണു ഹൈക്കോടതിയുടെ ഉത്തരവ്.