ഡിസിഎൽ ബാലരംഗം
Thursday, February 9, 2023 12:00 AM IST
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്; മയക്കുമരുന്നിനെതിരേ വിദ്യാർഥിലക്ഷങ്ങളെ അണിനിരത്തി ദീപിക - ഡിസിഎൽ - ഒലീവിയ അഖിലകേരള ലഹരിവിരുദ്ധ സന്ദേശയാത്ര
മക്കളേ, നമുക്ക് മരണം തെരഞ്ഞെടുക്കേണ്ട... ജീവിതം മതി!
മയക്കുമരുന്നിൽ, മരുന്നില്ല, മരണമാണ് എന്ന ഭീതിദമായ സത്യം വിദ്യാർഥി ലക്ഷങ്ങളുടെ നെഞ്ചിലെഴുതിയ സാർഥകയാത്രയായിരുന്നു, 2023 ജനുവരി 12 മുതൽ 30 വരെ ദീപികയും ഡിസിഎല്ലും ഒലീവിയ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച "കിക്ക് ഔട്ട് 2023' ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശയാത്ര!
മയക്കുമരുന്നു വ്യാപാരികളുടെ കച്ചവടലാക്കിന്റെ കഴുകൻ കണ്ണുകളെ, ഉറച്ച ലക്ഷ്യബോധത്തിന്റെയും ജീവിതത്തിലെ ബലിഷ്ഠമായ ധാർമിക മൂല്യങ്ങളുടെയും ഇരുമുനശരംകൊണ്ട് പ്രതിരോധിക്കുവാനും ചവിട്ടിപ്പുറത്താക്കുവാനും പ്രതിജ്ഞചെയ്തത് പതിനായിരക്കണക്കിന് വിദ്യാർഥികളാണ്.
ദീപിക ബാലസഖ്യത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഈ സന്ദേശയാത്രയുടെ ൃ സോദ്ദേശലക്ഷ്യങ്ങളെ സന്പൂർണമായി പിൻതുണച്ച് വിദ്യാർഥി ഹൃദയങ്ങളിൽ പുതുബോധത്തിന്റെ പൊൻപുലരി വിടർത്തിയ എല്ലാ നല്ല വിദ്യാലയങ്ങൾക്കും പ്രഥമാധ്യാപകർക്കും മാനേജ്മെന്റിനും നന്ദി. ദീപിക കുടുംബത്തിനും രാഷ്ട്രദീപിക ഡയറക്ടർ ബോർഡിനും ഈ ദൗത്യത്തിന്റെ സഹകാരിയായ ഒലീവിയ ഫൗണ്ടേഷനും എല്ലാ പ്രവിശ്യയിലെയും ഡിസിഎൽ കുടുംബാംഗങ്ങൾക്കും ഹൃദയംതൊട്ട് നന്ദി.
പ്രിയപ്പെട്ടവരേ, മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗത്തിലും വിതരണത്തിലും പങ്കുചേരുന്നവർ മരണം തെരഞ്ഞെടുക്കുന്നവരാണ്.
കുഞ്ഞുമക്കളെ, നിങ്ങൾ ജീവിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. നിങ്ങളിൽ സ്വപ്നങ്ങൾക്ക് ജീവനുണ്ടാകട്ടെ. പ്രതീക്ഷകൾക്ക് ശിഖരങ്ങൾ മുളയ്ക്കട്ടെ. നിങ്ങളുടെ ജീവിതലക്ഷ്യം ഫലംചൂടട്ടെ. നമുക്കു മരണം തെരഞ്ഞെടുക്കേണ്ട. ജീവിതം മതി.
ഇത് ഒരു തുടക്കമാണ്. നന്മമനസുകൾ കൈകോർത്ത്, ഒരു നല്ല നാളേക്കായി ആരംഭിക്കുന്ന നിരന്തര പോരാട്ടത്തിന്റെ തുടക്കം. ഏവർക്കും വരാം, അണിചേരാം, വിജയം വരെ പൊരുതാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ