പാറയുടെയും മണ്ണിന്റെയും വില ഉയർത്തുന്നതു പഠിക്കാൻ മന്ത്രിസഭ ഉപസമിതി
Thursday, March 30, 2023 1:54 AM IST
തിരുവനന്തപുരം: പാറയുടെയും മണ്ണിന്റെയും വില ഉയർത്തുന്നതും അളവു കണക്കാക്കുന്ന പരന്പരാഗത സന്പ്രദായം പരിഷ്കരിക്കുന്നതിനെക്കുറിച്ചു പഠിക്കാനുമായി മൂന്നംഗ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചു.
പാറ, മണൽ, ഗ്രാനൈറ്റ്, മറ്റു ധാതുക്കൾ എന്നിവയുടെ സീനിയറേജ്, റോയൽറ്റി പരിഷ്കരണം, പിഴ ഈടാക്കൽ, ശാസ്ത്രീയമായ അളവു പരിശോധിക്കൽ തുടങ്ങിയവ ഉൾപ്പെടുന്ന നിർദേശങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ കൊണ്ടുവന്നെങ്കിലും മന്ത്രിമാർക്കു പഠിക്കാൻ സമയം ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെയാണു പല മന്ത്രിമാർക്കും ഇതു സംബന്ധിച്ച അജൻഡ ലഭിച്ചത്. പാറ, മണൽ ഖനനം ഏറെ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായതിനാൽ വിശദമായി പഠിച്ച ശേഷം മാത്രം മന്ത്രിസഭ അനുമതി നൽകിയാൽ മതിയെന്നു ഘടകക്ഷികളുടേതടക്കമുള്ള ചില മന്ത്രിമാർ പറഞ്ഞു.
എന്നാൽ, അടുത്ത സാന്പത്തികവർഷം ഏപ്രിൽ ഒന്നിനു നടപ്പാക്കേണ്ട തിനാൽ ഇതിനു മുൻപു അനുമതി നൽകേണ്ടതുമുണ്ട്.തുടർന്നാണ് ഇതേക്കുറിച്ചു വിശദമായി പഠിക്കാൻ വ്യവസായ- റവന്യു- ധനമന്ത്രിമാർ അടങ്ങിയ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം നിയോഗിച്ചത്.