എനിക്കു ദാഹിക്കുന്നു
Friday, March 31, 2023 1:23 AM IST
ഫാ. മൈക്കിൾ കാരിമറ്റം
“അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ്, തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു, എനിക്കു ദാഹിക്കുന്നു”(യോഹ19,28).
കുരിശിൽ തൂങ്ങിമരിക്കുന്ന വ്യക്തികൾക്ക് അതികഠിനമായ ദാഹം അനുഭവപ്പെടുക തികച്ചും സ്വാഭാവികംതന്നെ. തലേരാത്രിയിലെ അന്ത്യഅത്താഴത്തിനുശേഷം യേശു ഒന്നും ഭക്ഷിച്ചിട്ടില്ല, കുടിച്ചിട്ടുമില്ല. ചാട്ടയടിയും മുൾമുടിയും ഇരുന്പാണികളുംവഴി രക്തം മുഴുവൻ വാർന്നുപോയി. ഈ സാഹചര്യത്തിൽ “എനിക്കു ദാഹിക്കുന്നു”എന്ന ക്രൂശിതന്റെ വിലാപം അക്ഷരാർത്ഥത്തിൽത്തന്നെ മനസിലാക്കാൻ കഴിയും. വിലാപം കേട്ടു മനസലിഞ്ഞ പടയാളി വിനാഗിരിയിൽ കുതിർത്ത നീർപ്പഞ്ഞി അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു അതു സ്വീകരിക്കുകയും ചെയ്തു.
എന്നാൽ, ഇതു മാത്രമല്ല ഗുരുമൊഴിയുടെ അർത്ഥസൂചനകൾ. യേശുവിന്റെ ദാഹം കുടിവെള്ളത്തിനുവേണ്ടിയല്ല, നീർപ്പഞ്ഞിയിൽ കിട്ടിയ വിനാഗിരി രുചിച്ചതുകൊണ്ട് ശമിക്കുന്നതുമല്ല. തിരുവെഴുത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണ് യേശു ഇതു പറഞ്ഞത് എന്നു സുവിശേഷകൻതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു സങ്കീർത്തനവാക്യങ്ങളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.
പരിത്യക്തന്റെ രോദനവും പ്രത്യാശയും എന്നു വിശേഷിപ്പിക്കുന്ന 22-ാം സങ്കീർത്തനമാണ് ആദ്യത്തേത്. “എന്തേ എന്നെ ഉപേക്ഷിച്ചു”എന്ന യേശുവിന്റെ വിലാപം ഈ സങ്കീർത്തനത്തിന്റെ ആദ്യവാക്യമാണ്. പീഡനത്തിന്റെ രൂക്ഷത വിശദീകരിക്കുന്നതാണ് ദാഹത്തെക്കുറിച്ചുള്ള പരാമർശം. “എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു. എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു” (സങ്കീ 22,15). ദുഃസഹമായ ദാഹത്തിന്റെ വിവരണമാണിത്, യേശു അനുഭവിക്കുന്ന ദാഹത്തിന്റെ നേർചിത്രം. അതോടൊപ്പം “ദാഹത്തിന് അവർ എന്നെ വിനാഗിരി കുടിപ്പിച്ചു”(സങ്കീ 69,21) എന്ന സങ്കീർത്തനവാക്യവും ഇവിടെ ശ്രദ്ധേയമാകുന്നു. പീഡിതന്റെ വിലാപങ്ങളായി സങ്കീർത്തനങ്ങൾ കണ്ടത് യേശുവിൽ പൂർത്തിയായി. എന്നാൽ യേശുവിന്റെ വിലാപത്തിന് കൂടുതൽ ആഴമേറിയ അർത്ഥമുണ്ട്.
മുന്പൊരിക്കൽ, സമറിയായിലെ കിണറ്റിൻകരയിൽ ഇരിക്കുന്പോൾ, വെള്ളം കോരിയ സമറിയാക്കാരിയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചു. തീർച്ചയായും ദാഹിച്ചതുകൊണ്ടാണല്ലോ കുടിവെള്ളം ചോദിച്ചത്. എന്നാൽ, സംഭാഷണം അവസാനിക്കുന്പോൾ യേശു ദാഹജലം കുടിക്കുകയല്ല കൊടുക്കുകയാണു ചെയ്യുന്നത് (യോഹ 4,4-42). ഒരിക്കൽ കുടിച്ചാൽ വീണ്ടും ദാഹിക്കുകയില്ലാത്ത, നിത്യസംതൃപ്തി നൽകുന്ന ജീവജലം, കുടിക്കാനല്ല കൊടുക്കാനാണ് യേശു ദാഹിക്കുന്നത്.
“ദാഹിക്കുന്നവൻ എന്റെയടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് ജീവജലത്തിന്റെ അരുവി ഒഴുകും”(യോഹ 7,38). യേശു നൽകാനിരുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സൂചനയായിരുന്നു ഇത്. ക്രൂശിതന്റെ പിളർക്കപ്പെട്ട പാർശ്വത്തിൽനിന്നു രക്തവും വെള്ളവും ഒഴുകിയപ്പോൾ ഈ ദാഹത്തിന്റെ അർത്ഥം വ്യക്തമായി. ആത്മാവിനെ നൽകാൻ, പുതുജീവന്റെ രക്ഷ, ദൈവപുത്രസ്ഥാനം നൽകാൻവേണ്ടിയാണ് യേശുവിന്റെ ദാഹം. ഓരോ മനുഷ്യവ്യക്തിയും ദൈവത്തെ പിതാവായി സ്വീകരിച്ച്, ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതുവരെ ഈ ദാഹം തുടരും. ഇതാണ് ആത്മാക്കൾക്കുവേണ്ടിയുള്ള ദാഹം.
യേശു എനിക്കുവേണ്ടിയും ദാഹിക്കുന്നു. യേശുവിന്റെ ദാഹത്തിൽ നാമും പങ്കുചേരണം. എല്ലാ മനുഷ്യരും ദൈവമക്കളായി അംഗീകരിക്കപ്പെടുന്നതിനു വേണ്ടിയുള്ള ദാഹം.