നൈജീരിയയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ കേപ് ടൗണില്‍ എത്തി
Thursday, June 8, 2023 3:21 AM IST
കൊച്ചി: നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ഇന്നലെ ഉച്ചയോടെ ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ് ടൗണില്‍ എത്തി. രണ്ടു സംഘങ്ങളായി ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കും.
ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിവരികയാണ്. എന്നാണ് ഇവര്‍ നാട്ടിലെത്തുകയെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നാട്ടിലെത്താനാണു സാധ്യത. അതുവരെ ഇവര്‍ കേപ് ടൗണില്‍ തുടരും.
കപ്പല്‍ കമ്പനി അധികൃതരും ജീവനക്കാരും നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ട്. "എംടി ഹെറോയിക് ഐഡന്‍' എന്ന കപ്പലിലെ ജീവനക്കാരായ 16 നാവികരെയാണ് നൈജീരിയയില്‍ തടവിലാക്കിയത്. എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍, എളംകുളം കുമാരനാശാന് നഗറിലെ താമസക്കാരനായ സനു ജോസ് എന്നിവരും സംഘത്തിലുണ്ട്.
തടവിലാക്കപ്പെട്ട 16 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ പരമാവധി വേഗത്തില്‍ മോചിപ്പിക്കാനായി കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ മിഷന് നൈജീരിയന്‍ അധികൃതരുടെ സഹായം തേടിയതായി ഹൈബി ഈഡന് എംപിയുടെ ചോദ്യത്തിന് മറുപടിയായി മാര്‍ച്ച് 17ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വ്യക്തമാക്കിയിരുന്നു.