വിദ്യ എസ്എഫ്ഐ നേതാവല്ല: ഇ.പി. ജയരാജൻ
Friday, June 9, 2023 1:04 AM IST
കണ്ണൂർ: ജോലി നേടാനായി വ്യാജ രേഖ ചമച്ച കേസിൽ കുടുങ്ങിയ എസ്എഫ്ഐ നേതാവായിരുന്ന വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നാണ് ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചത്.
എസ്എഫ്ഐക്കെതിരേ ആസൂത്രിതമായ വ്യാജ പ്രചാരണമാണ് നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്ഐ നേതാക്കളല്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഒരു കാലത്തും എസ്എഫ്ഐക്ക് ഇല്ല. അത് വിദ്യക്കും ബാധകമാണ്. വിദ്യ ഒരിക്കലും എസ്എഫ്ഐ ഭാരവാഹിയായിരുന്നിട്ടില്ലെന്നത് എസ്എഫ്ഐ നേതാക്കൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളജ് തെരഞ്ഞെടുപ്പുകളില്‍ പലതരം ആളുകളെയും സ്ഥാനാര്‍ഥികളാക്കും. അതു കരുതി അവരെല്ലാം ആ സംഘടനയുടെ ആളുകളാണെന്നു പറയാനാകില്ല.
വ്യാജരേഖ ചമച്ചു ജോലി നേടിയിട്ടുണ്ടെങ്കിൽ സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നും ഇ.പി. ജയരാജന് പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.