പോലീസുകാർ മദ്യപിച്ചു ജോലിക്കെത്തിയാൽ യൂണിറ്റ് മേധാവിക്കെതിരേയും നടപടി
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചു ജോലിക്കെത്തുകയോ ജോലി ചെയ്യുകയോ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട യൂണിറ്റ് മേധാവിക്കു കൂടിയുണ്ടെന്നു സർക്കുലർ.
ഇത്തരം സംഭവങ്ങളിൽ മദ്യപിച്ചെത്തുന്ന പോലീസ് ഉദ്യോഗസ്ഥനെ കൂടാതെ വകുപ്പുതല അച്ചടക്ക നടപടി യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കും എതിരേയും സ്വീകരിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സർക്കുലറിൽ പറയുന്നു.
ഇതു സംബന്ധിച്ച വിവരങ്ങൾ ജില്ലാ പോലീസ് മേധാവി പ്രത്യേക യോഗം വിളിച്ചു തന്റെ കീഴിലുള്ള ഡിവൈഎസ്പി, ഇൻസ്പെക്ടർ, എസ്എച്ച്ഒ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കണം. ഉദ്യോഗസ്ഥരെല്ലാം ഇതു മനസിലാക്കിയെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
ലഹരി വിമുക്ത ചികിൽസ ആവശ്യമുള്ള പോലീസുകാർക്കു വേഗത്തിൽ നൽകാൻ നടപടി വേണം. മദ്യപിച്ചു ജോലിക്കെത്തുന്ന പോലീസുകാർക്കെതിരേ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. ഇതു പോലീസുകാർക്കിടയിൽ ലഹരി ഉപയോഗം വർധിപ്പിക്കുന്നതായാണു കണ്ടെത്തൽ.
പോലീസുകാരുടെ ലഹരി ഉപയോഗത്തിന്റെ പേരിൽ യൂണിറ്റ് മേധാവികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന നിർദേശം ഇതാദ്യമാണ്. നെടുന്പാശേരിയിൽ മദ്യലഹരിയിലായിരുന്ന എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്ത്രീ അടക്കമുള്ളവരെ രാത്രിയിൽ ചൂരലിന് അടിച്ചോടിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.