ഇടുക്കി അണക്കെട്ട് സന്ദര്‍ശനം ഇനി ബഗ്ഗി കാറില്‍ മാത്രം
ജെയിസ് വാട്ടപ്പിള്ളില്‍
Wednesday, September 27, 2023 6:18 AM IST
തൊടുപുഴ: ഇടുക്കി ഡാമില്‍ യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തിനു പിന്നാലെ ഡാം സന്ദര്‍ശത്തിനു കടുത്ത നിയന്ത്രണങ്ങളും പ്രത്യേക ക്രമീകരണങ്ങളും ഒരുക്കാന്‍ അധികൃതര്‍. ഇടുക്കി അണക്കെട്ട് സന്ദര്‍ശനം ഇനി ബഗ്ഗികാറില്‍ മാത്രമായിരിക്കുമെന്നതും ഇനിമുതല്‍ അണക്കെട്ടിനു മുകളില്‍കൂടി കാല്‍നടയായി ഡാം കാണാന്‍ അനുവദിക്കില്ലായെന്നതുമാണ് പ്രധാന തീരുമാനങ്ങള്‍.
നിലവില്‍ ചെറുതോണി ഡാമിനു സമീപമുള്ള ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറ ഗസ്റ്റ് ഹൗസിനു സമീപത്തേക്കു മാറ്റിയ ശേഷം ഇവിടെ നിന്നായിരിക്കും സഞ്ചാരികളെ കടത്തിവിടുക. സഞ്ചാരികള്‍ക്കായി സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 14 സീറ്റുകളുള്ള ആറു ബഗ്ഗി കാറുകള്‍ കൂടി ഉടന്‍ എത്തിക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ നാലുകാറുകളാണ് ഇവിടെയുള്ളത്. ഡാം സന്ദര്‍ശനത്തിനിടെ ബഗ്ഗികാറുകള്‍ മൂന്നു പ്രധാന സ്ഥലങ്ങളില്‍ നിര്‍ത്തി ഡ്രൈവര്‍ സ്ഥലത്തെക്കുറിച്ചുള്ള വിവരണം സഞ്ചാരികള്‍ക്കു നല്‍കും. ഇവിടെയിറങ്ങി സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കാണാം.
ദേഹ പരിശോധനയ്ക്കു ശേഷം ബഗ്ഗി കാറില്‍ കയറ്റുന്ന സഞ്ചാരികളെ കുടിവെള്ളം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പ്രതിവര്‍ഷം ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്നത്. ഉത്സവ സീസണുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതു ശ്രമകരമായ ജോലിയായിരുന്നു.