പി. ജയരാജന് വധശ്രമക്കേസ് ; ഒരാളൊഴികെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Friday, March 1, 2024 3:19 AM IST
കൊച്ചി: സിപിഎം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ ഒരാള്‍ ഒഴികെയുള്ള മറ്റു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി ശിക്ഷിച്ച ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ അഞ്ചു പേരെയാണു വെറുതെ വിട്ടത്.
രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയെങ്കിലും പത്തു വര്‍ഷത്തെ കഠിനതടവ് ഒരു വര്‍ഷത്തെ സാധാരണ തടവായി കുറച്ചു. വിചാരണക്കോടതി വിട്ടയച്ച മൂന്നു പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു.
വധശ്രമത്തിനടക്കം പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അഞ്ചു പ്രതികളുടെ ശിക്ഷ ജസ്റ്റീസ് സോമരാജന് റദ്ദാക്കിയത്.
1999 ഓഗസ്റ്റ് 25ന് വൈകുന്നേരം 5.15ന് തിരുവോണദിവസം പി. ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കേസ്. തലശേരി സെഷന്‍സ് കോടതി ആറു പ്രതികള്‍ക്ക് പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
ഇതില്‍ ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കൊയ്യോന്‍ മനു, പാര ശശി, എളംതോട്ടത്തില്‍ മനോജ്, ഏഴാം പ്രതി ജയപ്രകാശന്‍ എന്നിവരുടെ ശിക്ഷയാണു റദ്ദാക്കിയത്. പ്രതികള്‍ നല്കിയ അപ്പീലിലാണ് ഉത്തരവ്.