കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ തൊഴിലവസരം
Saturday, March 2, 2024 12:54 AM IST
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യുകെയിലെ വെയിൽസിൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായുള്ള ധാരണാപത്രം ഒപ്പിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിനുവേണ്ടി നോർക്ക റൂട്ട്സ് സിഇഒ ഇൻ ചാർജ് അജിത് കോളശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
സെക്രട്ടേറിയറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായിട്ടാണ് ഇത്തരത്തിൽ ധാരണാപത്രം കൈമാറുന്നതെന്ന് എലുനെഡ് മോർഗൻ പറഞ്ഞു.
കേരളത്തിലെ ആരോഗ്യപ്രവർത്തകർ മികവുറ്റവരാണെന്നും കോവിഡനന്തരമുള്ള വെയിൽസിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 250 പേരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയ്ക്കു പുറമെ മറ്റു മേഖലകളിലുള്ളവർക്കും തൊഴിലവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യമന്ത്രി അറിയിച്ചു.