എസ്എഫ്ഐ ആക്രമണത്തിനിരയായ നിയമ വിദ്യാർഥിനിക്ക് നീതി അകലെ
Sunday, March 3, 2024 12:45 AM IST
പത്തനംതിട്ട: സഹപാഠിയായ ഇടത് വിദ്യാർഥി, യുവ നേതാവിന്റെ ആക്രമണത്തിൽ മൂക്കിന്റെ പാലം തകർന്ന നിയമവിദ്യാർഥിനിക്ക് ഇപ്പോഴും നീതിയില്ല.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും സിപിഎം പ്രാദേശിക നേതാവുകൂടിയായ വിദ്യാർഥിക്കു നേതാക്കളുടെ സംരക്ഷണമെന്ന് ആക്ഷേപം.
കഴിഞ്ഞ ഡിസംബർ 20നാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജ് വിദ്യാർഥിനിയായ പെൺകുട്ടിക്ക് എസ്എഫ്ഐക്കാരായ സഹപാഠികളിൽനിന്ന് ആക്രമണം ഏൽക്കേണ്ടിവന്നത്. ഇതേ കോളജിൽ നാലാംവർഷ എൽഎൽബി വിദ്യാർഥിയായ ജയ്സൺ ജോസഫ് സാജൻ സഹപാഠിയായ വിദ്യാർഥിനിയെ ആക്രമിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൂക്കിന്റെ പാലത്തിനു ഗുരുതര പരിക്കേറ്റു.
ശാരീരികമായി അപമാനിക്കുകയും ചെയ്തതായി പെൺകുട്ടി പറയുന്നു. പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽനിന്നും അറിയിച്ചതനുസരിച്ച് ആറന്മുള പോലീസ് മൊഴിയെടുത്തു. അപ്പോഴേക്കും പോലീസിനു വിലക്ക് വന്നു. പോലീസ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തി.
മൊഴിയെടുത്ത് നാലു ദിവസം കഴിഞ്ഞിട്ടും കേസെടുത്തില്ല. പെൺകുട്ടിയുടെ അമ്മ പോലീസുമായി ബന്ധപ്പെട്ടെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. ഇതിനിടെ കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് കെഎസ് യു മാർച്ച് നടത്തുകയും ചെയ്തതിനു പിന്നാലെ എഫ്്ഐആർ രജിസ്റ്റർ ചെയ്തു.
ഇതിനു പിന്നാലെ പെൺകുട്ടിക്കെതിരെ എതിർകേസും വന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതുൾപ്പെടെ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികളാക്കി രണ്ട് കേസുകൾ ആറന്മുള പോലീസ് എടുത്തു.
കോളജിലെ എസ്എഫ്ഐ നേതാവായ ജയ്സൺ നാട്ടിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗവുമാണ്.
കോളജ് പ്രിൻസിപ്പലിനെതിരേ വിദ്യാർഥികൾ സംയുക്തമായി നടത്തിവന്ന സമരത്തിൽ പങ്കാളികളായിരുന്നു എസ്എഫ്ഐ നേതാക്കളും പെൺകുട്ടിയും. ഹാജർ പ്രശ്നം മറികടന്ന് എസ്എഫ്ഐ നേതാക്കൾ പരീക്ഷ എഴുതിയെങ്കിലും പരാതിക്കാരിയായ പെൺകുട്ടിക്ക് പരീക്ഷ എഴുതാനായില്ല. ഇതിന്റെ പേരിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ജയ്സൺ പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജയ്സന്റെയും കൂട്ടാളികളുടെയും അറസ്റ്റ് വൈകുന്നതിനെതിരേ പെൺകുട്ടി നിയമപോരാട്ടം തുടങ്ങി. ഇതിനിടെ ജയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തി. ഇതിനെ പെൺകുട്ടിയുടെ അഭിഭാഷകൻ ശക്തമായി എതിർത്തു.
കേസിൽ ജയ്സണെ കൂടാതെ നാലുപേർകൂടി പ്രതികളാണെങ്കിലും അവർക്ക് ജാമ്യം നൽകുന്നതിനെ എതിർത്തില്ല. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജയ്സൺ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. എന്നിട്ടും അറസ്റ്റിന് പോലീസ് തയാറായില്ല. ഇതിനിടെ കഴിഞ്ഞദിവസം ജയ്സണെ ലോ കോളജിൽ നിന്ന് അധികൃതർ പുറത്താക്കിയിരുന്നു.