വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചവര്‍ പ്രതിസന്ധിയില്‍
Thursday, April 18, 2024 1:55 AM IST
കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ചവര്‍ പ്രതിസന്ധിയില്‍.
സ്വന്തം വാഹനത്തില്‍ ഏതു കമ്പനിയുടെ ജിപിഎസും ഘടിപ്പിക്കാന്‍ വാഹന ഉടമയ്ക്ക് അവകാശം ഉണ്ടായിരിക്കേ ഒരിക്കല്‍ ഘടിപ്പിച്ച ജിപിഎസ് മാറ്റുന്നതിന് കമ്പനികള്‍ തയാറാകുന്നില്ലെന്നതാണ് നിലവിലെ പ്രതിസന്ധി. വര്‍ഷം തോറും ഇത് റീചാര്‍ജ് ചെയ്യുന്നതിന് വന്‍ തുകയാണ് ഓരോ കമ്പനിയും ഈടാക്കുന്നത്.
ഒരിക്കല്‍ ഘടിപ്പിച്ച ജിപിഎസ് പരിവാഹന്‍ വെബ്സൈറ്റില്‍ കമ്പനികള്‍ നേരിട്ട് ലോക്ക് ചെയ്യുന്നു. ഇതോടെ ജിപിഎസ് കമ്പനികളുടെ അനുവാദം കൂടാതെ ഇവ മാറ്റി സ്ഥാപിക്കുന്നതിന് കഴിയാതെ വരുന്നു.
വാഹനങ്ങളുടെ റീ ടെസ്റ്റിനെ വരെ ഇതു പ്രതികൂലമായി ബാധിക്കുന്നതായി ഓള് ഇന്ത്യ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
മോട്ടോര്‍ വാഹനവകുപ്പില്‍ പരാതി പറഞ്ഞിട്ടും പരിഹാരമായില്ല. ചില എംവിഡി ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനില്‍ക്കുന്നതായും അവര്‍ ആരോപിച്ചു.
കമ്പനികള്‍ നേരിട്ട് വാഹനം ലോക്ക് ചെയ്യുന്ന രീതി മാറ്റി പുതിയ സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരേ എംവിഡി നിയമനടപടി സ്വീകരിക്കണെമെന്നും ഭാരവഹികള്‍ ആവശ്യപ്പെട്ടു.