അസി.പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
Thursday, April 18, 2024 1:55 AM IST
കൊച്ചി: കൊല്ലം പരവൂരില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതികളായ പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും എപിപിക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ ഡിഡിപി അബ്ദുള്‍ ജലീല്‍, എപിപി കെ.ആര്. ശ്യാംകൃഷ്ണ എന്നിവര്‍ക്കാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികള്‍ ചോദ്യംചെയ്യലിനായി 19, 20, 22 തീയതികളില്‍ രാവിലെ പത്തിനും വൈകുന്നേരം നാലിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നതാണ് ഉപാധികളിലൊന്ന്.
പ്രതികള്‍ നിരന്തരം മാനസികപീഡനവും അവഹേളനവും നടത്തിയതാണ് അനീഷ്യയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ആരോപണം. അസി.പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ഡെപ്യൂട്ടി ഡയറക്ടറെന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായ ഇടപെടല്‍ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് ഒന്നാം പ്രതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
മരണവുമായി തനിക്ക് ബന്ധമില്ലെന്ന് രണ്ടാം പ്രതിയും വ്യക്തമാക്കി. തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുന്നതാണ് വകുപ്പുതല അന്വേഷണമെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതികളുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വകുപ്പ്തല അന്വേഷണം നടത്തിയതെന്നും പ്രതികളെ സഹായിക്കുന്ന റിപ്പോര്‍ട്ടാണ് ഇവര്‍ നല്‍കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി അനീഷ്യയുടെ അമ്മയടക്കം പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു.
കേസ് ഡയറിയും ആത്മഹത്യാക്കുറിപ്പുമടക്കം പരിശോധിച്ച കോടതി മുന്‍കൂര്‍ജാമ്യം അനുവദിക്കുകയായിരുന്നു.