നവവധുവിനു മര്‍ദനം: രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
Saturday, May 18, 2024 3:04 AM IST
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്കു രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍.
മാങ്കാവ് കല്യാണി നിലയത്തില്‍ പി. രാജേഷിനെയാണു പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. രാഹുലിനു രക്ഷപ്പെടാന്‍ കാറില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയത് രാജേഷാണ്.
രക്ഷപ്പെടാന്‍ ഒത്താശ ചെയ്തതാണ് കുറ്റം. നവവധുവിനെ രാഹുല്‍ മര്‍ദിച്ച ദിവസം ഇയാള്‍ രാഹുലിന്റെ വീട്ടിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ജര്‍മനിയിലേക്കു കടന്ന രാഹുല്‍ ഇയാളുടെ ഫേണിലേക്കു വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനുമുമ്പ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും രണ്ടുപേരും ഹാജരായില്ല. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാണെന്നാണു പോലീസിനെ അറിയിച്ചത്. രണ്ടുപേര്‍ക്കും വീണ്ടും നോട്ടീസ് നല്‍കുമെന്ന് ഫറോക്ക് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം പറഞ്ഞു.
അതേസമയം, രാഹുലിനെ നാട്ടില്‍ എത്തിക്കുന്നതിനു പോലീസ് നടപടി തുടങ്ങി. ഇന്ത്യയിലെ ബാങ്കുകളിലുള്ള ഇയാളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ജര്‍മനിയിലെ അക്കൗണ്ടും മരവിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
ജര്‍മനിയില്‍ പൗരത്വമുള്ള രാഹുലിനെ ഇന്റെർപോള് മുഖേന നാട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രമം. രാഹുല്‍ രാജ്യം വിട്ടത് പോലീസിന്റെ പിഴവാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
യുവതിയെ മന്ത്രി ബിന്ദു സന്ദർശിച്ചു
പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായ യുവതിയെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം പറവൂർ കൊട്ടുവള്ളിക്കാട്ടുള്ള യുവതിയുടെ വസതിയിലായിരുന്നു സന്ദർശനം.
സമൂഹത്തിൽ പുരുഷാധിപത്യ പ്രവണതകൾ നിലനിൽക്കുന്ന സാഹ്യചര്യത്തിൽ ലിംഗനീതി ഉറപ്പാക്കാൻ ബോധവത്കരണവും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
പീഡനമേൽപ്പിച്ച് വിദേശത്തേക്കു കടന്ന പ്രതി ജർമനിയിലുണ്ടെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.