ജുഡീഷൽ അന്വേഷണം വേണം: എം.എം. ഹസൻ
Sunday, May 26, 2024 1:02 AM IST
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. മന്ത്രിമാരായ എം.ബി. രാജേഷും മുഹമ്മദ് റിയാസും ആരോപണവിധേയരാണ്. അതുകൊണ്ടുതന്നെ രണ്ടു മന്ത്രിമാരും രാജിവയ്ക്കണം.
ടൂറിസം മന്ത്രിയെ രക്ഷിക്കാനാണു മന്ത്രി രാജേഷ് അന്വേഷണത്തിന് ഡിജിപിക്കു കത്ത് നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ യഥാർഥ വിവരങ്ങൾ പുറത്തുവരില്ല. അതുകൊണ്ടാണ് യുഡിഎഫ് ജുഡീഷൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും എം.എം. ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടു ലോക കേരളസഭയിലും യുഡിഎഫ് പങ്കെടുത്തിരുന്നില്ല. ഈ സഭകൊണ്ടു പ്രവാസികൾക്ക് ഒരു ഗുണവും ലഭിച്ചില്ല. എന്നാൽ ഇത്തവണത്തെ ലോക കേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ലെങ്കിലും യുഡിഎഫുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രവാസി സംഘടനകൾക്ക് പങ്കെടുക്കാമെന്നും ഹസൻ പറഞ്ഞു.
സർക്കാരിന്റെ മഴക്കാല പൂർവശുചീകരണ പരിപാടി പരാജയപ്പെട്ടു. തലസ്ഥാനനഗരമെന്നത് ഇപ്പോൾ തലസ്ഥാനനരകമായി. മുഖ്യമന്ത്രിയും കുടുംബവും വിദേശത്തു പോയപ്പോൾ മേയറും ഭർത്താവും മൂന്നാറിൽ പോയി. ഇതാണു നാട്ടിലെ അവസ്ഥ. യുഡിഎഫ് നടപ്പാക്കിയ ഓപ്പറേഷൻ അനന്ത പുനഃരാരംഭിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.