റോഡ് സുരക്ഷാ ഓഡിറ്റിലെ കണ്ടെത്തൽ; വാഹനങ്ങൾക്ക് ഫിറ്റ്നസും നികുതിയുമില്ല
Thursday, May 30, 2024 2:06 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഫിറ്റ്നസ് ഇല്ലാത്തതും നികുതി അടയ്ക്കാത്തതുമായ വാഹനങ്ങൾ കേരളത്തിലെ നിരത്തുകളിൽ ഓടുന്നതായി റോഡ് സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട്. 2020 ജനുവരി ഒന്നുമുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ അപകടത്തിൽപ്പെട്ട വാഹനങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
കേരളത്തിൽ അപകടത്തിനു കാരണമായ 2.89 ലക്ഷം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 1089 ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അപകടസമയത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്.
അതുപോലെ അപകടത്തിനു കാരണമായ 2008 സ്വകാര്യവാഹനങ്ങൾ അപകടസമയത്ത് രജിസ്ട്രേഷൻ പുതുക്കിയിരുന്നില്ലെന്നും കണ്ടെത്തി. വാഹൻ ഡാഷ് ബോർഡിൽ കാണിക്കുന്നത് 6,68,532 വാഹനങ്ങൾ കേരളത്തിൽ നികുതി അടക്കാതെ ഓടുന്നുണ്ടെന്നാണ്. റോഡിലെ വാഹനപരിശോധനയുടെ അപര്യാപ്തയാണിതെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്.
കാമറ വന്നപ്പോൾ പരിശോധന നിർത്തി
എഐ കാമറ കേരളത്തിൽ നടപ്പാക്കിയതോടെ റോഡിൽ വാഹനം പരിശോധിക്കേണ്ട എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ഇപ്പോൾ കാമറ ഉപയോഗിച്ചാണു ജോലി ചെയ്യുന്നതെന്നതാണു യാഥാർഥ്യം. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, നമ്പർ പ്ലേറ്റ് തെറ്റായി എഴുതുക, പാർക്ക് ചെയ്യുമ്പോൾ വെള്ള വര കടക്കുക തുടങ്ങിയ ഫോട്ടോ എടുക്കാവുന്ന കുറ്റങ്ങൾ മാത്രമാണു കാമറ പരിഗണിക്കുക.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ, രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ, ഇൻഷുറൻസ് ഇല്ലാത്തവ, നികുതി അടയ്ക്കാത്തവ, ഡ്രൈവർക്കു ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് കാലാവധി കഴിഞ്ഞത് തുടങ്ങിയവ കണ്ടെത്തണമെങ്കിൽ വാഹനം നിർത്തിച്ചു രേഖകൾ പരിശോധിക്കണം. ഇങ്ങനെയുള്ള പരിശോധനകൾ ഇപ്പോൾ നടക്കുന്നില്ല. വെഹിക്കിൾ ഇൻസ്പെക്ടർമാർ ഇപ്പോൾ കൺട്രോൾ റൂമിലിരുന്നു കാമറ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്കു പിഴ നല്കുന്ന നോട്ടീസിൽ വ്യാപൃതരാണ്.
പോലീസിലെ ഗ്രേഡ് എസ്ഐമാരായിരുന്നു കുറച്ചെങ്കിലും വാഹനപരിശോധന നടത്തിയിരുന്നത്. ഇവർക്കു വാഹനം പരിശോധിച്ചു പിഴ അടപ്പിക്കാനുള്ള അധികാരം പിൻവലിച്ചിരിക്കുകയാണ്.
രജിസ്ട്രേഷൻ, ഫിറ്റ്നസ്, ലൈസൻസ്, നികുതി ഇവ ഇല്ലാത്ത വാഹനങ്ങൾ അപകടത്തിപ്പെട്ടാൽ ഇൻഷുറൻസ് ക്ലെയിം കിട്ടില്ല. ഡ്രൈവർക്കോ വാഹന ഉടമയ്ക്കോ സാമ്പത്തികശേഷിയില്ലെങ്കിൽ അപകടത്തിൽ പെടുന്ന ആൾക്ക് നഷ്ടപരിഹാരം പോലും ലഭിക്കില്ല.
വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ വെഹിക്കിൾ ഇൻസ്പെക്ടർമാർ തയാറാകുകയും ഓരോ പോലീസ് സ്റ്റേഷനിലും റോഡ് സുരക്ഷാചുമതലയുള്ള ഗ്രേഡ് എസ്ഐമാർക്ക് രേഖകൾ പരിശോധിച്ചു പിഴ ഈടാക്കാനുള്ള അധികാരം നൽകുകയും ചെയ്താൽ മാത്രമേ ഇതിനു പരിഹാരമാകുകയുള്ളൂ.