അനധികൃത സര്‍ക്കാര്‍ മുദ്രയും ബീക്കണ്‍ ലൈറ്റും: വിശദീകരണം തേടി ഹൈക്കോടതി
Saturday, July 13, 2024 1:55 AM IST
കൊച്ചി: ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ അനധികൃതമായി സര്‍ക്കാര്‍ മുദ്രയും ബീക്കണ്‍ ലൈറ്റും ഉപയോഗിക്കുന്നതില്‍ സര്‍ക്കാരുകളുടെ വിശദീകരണം തേടി ഹൈക്കോടതി.
വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകളിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വാഹനങ്ങളില്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നതിനെതിരേ ഉടന്‍ നടപടി സ്വീകരിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമം മറികടന്ന് സൈറണുകള്‍ സ്ഥാപിക്കുന്ന കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങളില്‍ എന്തു നടപടി സ്വീകരിക്കാനാകുമെന്ന് ഗതാഗത കമ്മീഷണറോട് ആരായാനും കോടതി നിര്‍ദേശിച്ചു.