സോളാർ തട്ടിപ്പ്: ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമെന്ന് വെളിപ്പെടുത്തി പുസ്തകം
Thursday, July 18, 2024 3:25 AM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി എന്ന നേതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു സോളാർ തട്ടിപ്പ് കേസെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ജോണ് മുണ്ടക്കയത്തിന്റെ സോളർ(വി)ശേഷം’ എന്ന പുസ്തകം വെളിപ്പെടുത്തുന്നു. ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിന്റെ ഒന്നാം വാർഷിക വേളയിലാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
കൊച്ചി മെട്രോ റെയിൽ മുതൽ വിഴിഞ്ഞം പദ്ധതി വരെ ഒട്ടേറെ വികസന പദ്ധതികളിലൂടെ ഇടത്തരക്കാർക്കും ജനസന്പർക്ക പരിപാടികളിലൂടെ സാധാരണക്കാർക്കും പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ തകർത്താലേ അധികാരം തിരിച്ചു പിടിക്കാനാവൂ എന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നിടത്താണ് സോളാർ ആരോപണങ്ങളുടെ തുടക്കമെന്നു പുസ്തകം വ്യക്തമാക്കുന്നു. പ്രകാശനം നാളെ വൈകുന്നേരം നാലിനു പാളയം സിഎസ്ഐ സെന്റിനറി ഹാളിൽ ഡോ.ശശി തരൂർ എംപി നിർവഹിക്കും.