കാനകളിലേക്ക് മാലിന്യം ; തടഞ്ഞില്ലെങ്കില്‍ കൊച്ചിയിലും ദുരന്തമെന്ന് ഹൈക്കോടതി
Thursday, July 18, 2024 3:25 AM IST
കൊച്ചി: മാലിന്യം കാനകളിലേക്കു തള്ളുന്നത് തടഞ്ഞില്ലെങ്കില്‍ തിരുവനന്തപുരത്ത് സംഭവിച്ചതുപോലുള്ള ദുരന്തം കൊച്ചിയിലും ഉണ്ടാകുമെന്ന് ഹൈക്കോടതി. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
മാലിന്യം നിയന്ത്രിക്കാൻ ആധുനിക സംവിധാനം വേണം. കാനകളിലേക്കും ജലാശയങ്ങളിലേക്കും മാലിന്യം തള്ളുന്ന ജനങ്ങളുടെ രീതി മാറണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കാനകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂപീകരിച്ചിരിക്കുന്ന മേല്‍നോട്ട സമിതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള കൾവര്‍ട്ടുകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.
കമ്മട്ടിപ്പാടം, കെഎസ്ആർടിസി തുടങ്ങിയ മേഖലകളില്‍ പേരണ്ടൂര്‍ കനാലില്‍ വലിയതോതിൽ മാലിന്യം എത്തുന്നത് അമിക്കസ് ക്യൂറി ശ്രദ്ധയില്‍പ്പെടുത്തി. ഇത്രയധികം മാലിന്യം എങ്ങനെയാണ് എത്തുന്നത് എന്നതു കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
കനാലിലെ വെള്ളമൊഴുക്ക് തടസപ്പെടുന്നതിനു കാരണം മാലിന്യം മാത്രമല്ലെന്നും അടിഞ്ഞുകൂടിയ ചെളിയടക്കം പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വം പൊതുജനത്തിനും
മറൈന്‍ ഡ്രൈവില്‍ മഴവിൽ പാലത്തിന് അടിയിൽ വലിയതോതില്‍ മാലിന്യം കൂട്ടിവച്ചിരിക്കുകയാണെന്നും കോടതി പറഞ്ഞു.പേരണ്ടൂര്‍ കനാലില്‍ മാലിന്യം തള്ളിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിട്ടതുപോലെ തന്നെ മറ്റു കാനകളുടെ കാര്യത്തിലും ഉത്തരവിടാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
മാലിന്യം നീക്കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഒത്തൊരുമയില്ലെന്നും അറിയിച്ചു. ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളും സിവിൽ ഉത്തരവാദിത്വം ലംഘിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.