സംരക്ഷണകേന്ദ്രത്തിൽനിന്നു മൂന്നു പെൺകുട്ടികൾ രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം കണ്ടെത്തി
Friday, July 19, 2024 1:40 AM IST
ആലുവ: വിദ്യാർഥികളെ സൗജന്യമായി സംരക്ഷിക്കുന്ന സ്ഥാപനത്തിൽനിന്ന് ഇന്നലെ പുലർച്ചെ കാണാതായ മൂന്നു പെൺകുട്ടികളെ ഉച്ചയോടെ കൊരട്ടിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണു കാണാതായത്.
സംഭവത്തിൽ ആലുവ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മണിക്കൂറുകൾക്കുള്ളിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞത് ആശ്വാസമായി.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ സ്ഥാപനത്തിൽനിന്നാണ് പെൺകുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതി അയച്ച രണ്ടു കുട്ടികളും സ്ഥാപനത്തിൽനിന്ന് പഠിക്കുകയായിരുന്ന ഒരു പെൺകുട്ടിയുമാണ് ഗേറ്റ് തുറന്നു രക്ഷപ്പെട്ടത്.
ബാഗിൽ വസ്ത്രങ്ങളെല്ലാം നിറച്ചതിനുശേഷമാണ് പുറത്തുകടന്നത്. ഗേറ്റിന്റെ താക്കോൽ തലേദിവസം തന്നെ സംഘടിപ്പിച്ചിരുന്നു. സിസിടിവിയിൽനിന്നു വ്യക്തമാകുന്നത് രാത്രി 12.30ന് പുറപ്പെട്ടതായാണ്. എന്നാൽ, പുലർച്ചെ നാലോടെയാണ് മൂവരെയും കാണാതായ വിവരം സ്ഥാപനം അധികൃതർ അറിഞ്ഞത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം തൃശൂരിലേക്ക് കുട്ടികൾ ട്രെയിൻ കയറി. അതിനുശേഷം കെഎസ്ആർടിസി ബസിൽ തൃശൂരിൽനിന്ന് അങ്കമാലിക്കു ബസിൽ കയറി. പണമില്ലെന്നു പറഞ്ഞപ്പോൾ സംശയം തോന്നിയ കണ്ടക്ടർ അങ്കമാലി സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് കൊരട്ടിയിൽ വച്ച് പോലീസ് ബസിൽ കയറി കുട്ടികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആലുവയിൽ എത്തിച്ച പെൺകുട്ടികളെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കോടതി നിർദേശപ്രകാരം റസ്ക്യു ഹോമിലേക്കു മാറ്റി. 16 ,17,18 വയസ് ഉള്ള പെൺകുട്ടികളിൽ ഒരാൾ കഴിഞ്ഞ പത്തു വർഷമായി ഇവിടുത്തെ അന്തേവാസിയാണ്. ശിശുക്ഷേമ സമിതിയിൽനിന്നുള്ള മറ്റു രണ്ടു പേർ ഇവിടെ എത്തിയിട്ട് ഒരു വർഷത്തോളമായി. പെൺകുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമായിട്ടില്ല.