സ്പെഷൽ സ്കൂൾ കലോത്സവം ഇന്നു സമാപിക്കും: കോഴിക്കോട് മുന്നിൽ
Saturday, October 5, 2024 6:12 AM IST
കണ്ണൂർ: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്നു തിരിശീല വീഴും. ഇന്നലെയും ഇന്നും കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികളുടെ മത്സരമായിരുന്നു. രണ്ടാംദിനം പിന്നിട്ടപ്പോൾ 398 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് മുന്നിൽ. 349 പോയിന്റുമായി തൃശൂർ രണ്ടാമതും 331 പോയിന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്.
കോട്ടയം (292 പോയിന്റ്), തിരുവനന്തപുരം (288 പോയിന്റ്) ജില്ലകൾ പിന്നിലായുണ്ട്. സ്കൂളുകളിൽ 54 പോയിന്റോടെ സെൻ ക്ലെയർ ഓറൽ സ്കൂൾ ഫോർഡ് ദി ഡഫ് ഒന്നാം സ്ഥാനത്തും 53 പോയിന്റോടെ കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോടും മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഫോർഡ് ദി ഡഫ് ചെർക്കളയും രണ്ടാം സ്ഥാനത്തുണ്ട്. 51 പോയിന്റുമായി കണ്ണൂർ ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് മൂന്നാം സ്ഥാനത്തുമുണ്ട്.
കാഴ്ച പരിമിതരുടെ വിഭാഗത്തിൽ 75 പോയിന്റുമായി കൊളത്തറയിലെ കോഴിക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതും ഒലാസ ഗവ. സ്കൂൾ ഫോർ ദി ബ്ലൈൻഡ് 61 പോയിന്റുമായി രണ്ടാംസ്ഥാനത്തുമുണ്ട്.
വയനാട് ദുരന്തത്തിന്റെ നേർചിത്രം വിവരിച്ച് ആരോൺ
കണ്ണൂർ: വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യന്റെ ദൈന്യമുഖം അവതരിപ്പിച്ച് മോണോ ആക്ടിൽ എ ഗ്രേഡ് നേടി ആരോൺ ബെന്നി. മണ്ണിൽപ്പുതഞ്ഞ് ചെളി നിറഞ്ഞിടത്തിൽനിന്നു ജീവൻ തിരിച്ചുകിട്ടിയെങ്കിലും മറ്റുള്ളവരെല്ലാം നഷ്ടപ്പെട്ടവരുടെ വേദന ആരോൺ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. കോട്ടയം കാളകെട്ടി അസീസി സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ ആറാംക്ലാസ് വിദ്യാർഥിയായ ആരോൺ കഴിഞ്ഞ തവണയും മോണോ ആക്ടിൽ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരുന്നു.

കാഴ്ചപരിമിതിയുള്ള വിഭാഗത്തിലാണു മത്സരം. കഥാപ്രസംഗത്തിലും ദേശഭക്തിഗാനത്തിലും എ ഗ്രേഡ് നേടി. ബിസിനസുകാരനായ ബെന്നി ഏബ്രഹാമിന്റെയും അസീസി സ്കൂളിലെ അധ്യാപിക റജീന മേരിയുടെയും മകനാണ് ആരോൺ. ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന കഥയാണ് ആരോൺ അവതരിപ്പിച്ചത്.
അകക്കണ്ണിന്റെ വെളിച്ചത്തിൽ സമ്മാനം വാരിക്കൂട്ടി ജ്യോത്സ്ന
കണ്ണൂർ: അകക്കണ്ണിന്റെ വെളിച്ചത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ അസീസി സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ ആറാം ക്ലാസുകാരി കെ.ജെ. ജ്യോത്സ്ന. ഇന്നലെ മത്സരിച്ച ലളിതഗാനം, ഉപകരണ സംഗീതം, ദേശഭക്തിഗാനം, കഥാരചന എന്നിവയിലാണ് ഈ കൊച്ചുമിടുക്കി നേട്ടം കൈവരിച്ചത്.

കാളകെട്ടിയിലെ കപ്പിത്താൻ പറമ്പിൽ ജോസഫ്-ലൈലാമ്മ ദന്പതികളുടെ ഏക മകളാണ് ജ്യോത്സ്ന. ചെറുപ്രായത്തിലെ പാട്ടിൽ വിസ്മയം തീർത്ത ജ്യോത്സ്നയെ പാട്ട് പഠിപ്പിക്കാൻ കൂലിപ്പണിക്കാരനായ ജോസഫിനു കഴിയുമായിരുന്നില്ല. തുടർന്ന് അസീസി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണു കുട്ടിയെ ഏറ്റെടുത്ത് പഠിപ്പിക്കുന്നത്. സ്കൂളിലെ അധ്യാപകരായ ഗോപകുമാർ, ജയമ്മ എന്നിവർ ചേർന്നാണു സംഗീതം പഠിപ്പിക്കുന്നത്.
സ്കൂളിലെ അധ്യാപികകൂടിയായ കാഴ്ചപരിമിതി നേരിടുന്ന സുബിമോൾ ചാക്കോയാണു കഥാരചന പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ജ്യോത്സ്ന എ ഗ്രേഡ് നേടിയിരുന്നു. അസീസി സ്കൂളിൽനിന്നു പത്ത് പേരാണ് ഇന്നലെ മത്സരങ്ങളിൽ പങ്കെടുത്തത്. ഇവരെല്ലാം എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
ക്ലാസിലെ മാസ്റ്റർ
കണ്ണൂര്‍: നെക്സ്റ്റ് കോഡ് നമ്പർ 250.... കുട്ടികൾ സ്റ്റേജിൽ അണിനിരക്കുന്നതിന് മുന്‍പേ ഒരു അധ്യാപകൻ ഓടി വിധികർത്താക്കൾക്കു പിന്നിലായി നിലയുറപ്പിച്ചു. അധ്യാപകന്റെ കൈത്താളവും മുഖഭാവങ്ങളും നോക്കി ആ കുട്ടികൾ വേദി നിറഞ്ഞാടി എ ഗ്രേഡ് കരസ്ഥമാക്കി. ഇരിട്ടി കാക്കയങ്ങാട് സ്വദേശി സിറാജ് പഠിപ്പിച്ച പത്തനംതിട്ടയിലെ അടൂർ സിഎസ്ഐ മണക്കാലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളാണ് എ ഗ്രേഡ് നേടിയത്. ഏഴു വർഷമായി സിറാജാണ് ഇവരെ ഒപ്പന പഠിപ്പിക്കുന്നത്.

ഏഴ് വർഷവും കുട്ടികൾ എ ഗ്രേഡ് നേടിയിട്ടുണ്ട്. സ്കൂളില്‍ ആദ്യമായി ഒപ്പന പഠിപ്പിച്ച് വിദ്യാര്‍ഥികളെ മത്സരത്തിനെത്തിച്ചതും സിറാജായിരുന്നു. പത്തുവര്‍ഷമായി സ്പെഷൽ സ്കൂൾ മേഖലയില്‍ ഒപ്പന പഠിപ്പിക്കുന്ന സിറാജിനു കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടികളെ പഠിപ്പിച്ചെടുക്കാന്‍ അത്രയേറെ ഇഷ്ടമാണ്. കുട്ടികളുടെ പ്രകടനം കണ്ട കാണികളെല്ലാം ഒന്നടങ്കം സിറാജ് മാഷിനെ അഭിനന്ദിച്ചു. വേദിയെ ഇളക്കിമറിച്ച പ്രകടനമായിരുന്നു കുട്ടികള്‍ കാഴ്ചവച്ചത്. വളരെ ചുരുങ്ങിയ ദിവസംകൊണ്ടാണു കുട്ടികളെ പഠിപ്പിച്ചെടുത്തതെന്നു സിറാജ് പറഞ്ഞു.