സ്ത്രീ സുരക്ഷ നിയമനിര്‍മാണം; സമിതി ചെയര്മാന് സ്ത്രീകള്‍ കൂടി അംഗീകരിക്കുന്നയാളാകണം: കോടതി
Friday, February 7, 2025 4:26 AM IST
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുന്ന സമിതിയുടെ ചെയര്‍പേഴ്സൺ സ്ത്രീകള്‍ കൂടി അംഗീകരിക്കുന്നയാളായിരിക്കണമെന്ന് ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നിയമത്തിന് സ്ത്രീകളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയണമെങ്കില്‍ ഇത് അനിവാര്യമാണെന്നും സ്ത്രീപക്ഷ നിലപാട് ഉണ്ടാകണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
അതേസമയം, സിനിമാനയരൂപവത്കരണവുമായി ബന്ധപ്പെട്ട് നടത്താന്‍ തീരുമാനിച്ച കോണ്‍ക്ലേവിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം സ്ത്രീക്ക് നല്‍കുന്നതാണ് ഉചിതമെന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമ കളക്ടീവ് അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സിനിമാ കോണ്‍ക്ലേവ് സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഹര്‍ജിയിലെ വാദത്തിനിടെ ആരോപണമുയര്‍ന്നു. ജെന്‍ഡര്‍ ബുള്ളിയിംഗ്, അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ് നേതൃത്വത്തിലെന്നും ചൂണ്ടിക്കാട്ടി.
ആരോപണങ്ങളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്നാണ് നേതൃത്വം കൊടുക്കുന്നവരുടെ വിശ്വാസ്യത സംബന്ധിച്ച് അഭിപ്രായമുന്നയിച്ചത്.
സിനിമാ കോണ്‍ക്ലേവില്‍ അഭിപ്രായശേഖരണം മാത്രമാണ് നടക്കുന്നതെന്നും നയരൂപീകരണം സര്‍ക്കാരിന്റെ ചുമതലയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
പുതിയ നിയമ നിര്‍മാണത്തിന്റെ ഭാഗമായി 140 ഓളം സംഘടനകളില്‍നിന്ന് അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. അന്തിമമാക്കും മുമ്പ് കരട് നിയമം പുറത്തിറക്കുമെന്നും വ്യക്തമാക്കി.