സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ സേവനനികുതി പിന്‍വലിക്കണമെന്ന്
Wednesday, March 26, 2025 11:59 PM IST
കോട്ടയം: അംഗങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ സേവനനികുതി പിന്‍വലിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
ലോക്സഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിലെ പ്രതിമാസനിക്ഷേപം പോലുള്ള പദ്ധതികളുടെ സേവനങ്ങള്‍ക്ക് 2017 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വട, പഴം പൊരി, അട, കൊഴുക്കട്ട അടക്കമുള്ള പരമ്പരാഗത ഭക്ഷണസാധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം നികുതി പിന്‍വലിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിച്ച ജാക്ക് ഫ്രൂട്ട് ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.