ലോക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാന്‍ വൈകി; ജീവനക്കാരനെതിരേ റെയില്‍വേ സ്വീകരിച്ച നടപടി കോടതി റദ്ദാക്കി
Thursday, March 27, 2025 2:49 AM IST
കൊച്ചി: അവധിയിലായിരിക്കേ കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജോലിയില്‍ പ്രവേശിക്കാന്‍ വൈകിയ ജീവനക്കാരനെതിരേ റെയില്‍വേ സ്വീകരിച്ച നടപടി റദ്ദാക്കി ഹൈക്കോടതി.
റെയില്‍വേയുടെ തിരുച്ചിറപ്പിള്ളി സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ മെക്കാനിക്കല്‍ മൂന്ന് തസ്തികയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരന് അതേ തസ്തികയില്‍ പുനര്‍നിയമനം നല്കാന് കോടതി ഉത്തരവിട്ടു. നിലമ്പൂര്‍ സ്വദേശി കെ. നിതീഷിന് അനുകൂലമായാണു ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്കി പുറത്താക്കിയ ഹര്‍ജിക്കാരനെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്ന് തിരിച്ചെടുത്തെങ്കിലും ജൂണിയര്‍ തസ്തികയിലാണു നിയമനം നല്‍കിയത്. ഈ നടപടിയാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
കുട്ടിക്ക് അസുഖമായതിനാല്‍ 2020 മാര്‍ച്ച് 16 മുതല്‍ 21 വരെ ഹര്ജിക്കാരന് അവധിയിലായിരുന്നു. പിറ്റേന്ന് കോവിഡ് കര്‍ഫ്യൂവും ലോക്ഡൗണും ഏര്‍പ്പെടുത്തിയതിനാല്‍ തിരികെ ജോലിസ്ഥലത്ത് എത്താനായില്ല.
ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് ജൂലൈ 31ന് ടാക്സിയില്‍ ജോലിസ്ഥലത്തെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചപ്പോള്‍ 14 ദിവസം ക്വാറന്റൈന് നിര്‍ദേശിച്ചു. ജൂണ്‍ വരെ വര്‍ക്ഷോപ് അടച്ചിരിക്കുകയായിരുന്നു.
പിന്നീട് അവധി ക്രമപ്പെടുത്താന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നതിനിടെയാണ് നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കിയത്. 148.5 ദിവസം അനധികൃതമായി ഹാജരായില്ലെന്ന പേരിലായിരുന്നു പിരിച്ചുവിടല്‍.