പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, June 3, 2025 2:05 AM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്നു മുതൽ ജൂൺ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ നടക്കും.
അലോട്ട്മെന്റ് വിവരങ്ങൾ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ (https://www. hscap.kerala.gov.in/) പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ടമെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം മേയ് 13ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ടമെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല.
താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.