ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു
Tuesday, June 3, 2025 2:05 AM IST
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയതലത്തിൽ കോട്ടയം കേന്ദ്രമാക്കി ഉമ്മൻചാണ്ടി നാഷണൽ സ്റ്റഡി സർക്കിൾ രൂപീകരിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക, ദേശീയതലത്തിൽ സ്മാരകം നിർമിക്കുക, നിർധനരെ സഹായിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വവും പിന്തുണയും നൽകുക, എല്ലാ വർഷവും സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളെ അവാർഡ് നൽകി ആദരിക്കുക തുടങ്ങിയവയാണു പ്രവർത്തനപരിപാടികൾ.
സ്റ്റഡി സർക്കിൾ പ്രസിഡന്റായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെയും ജനറൽ സെക്രട്ടറിയായി പുനലൂർ ടി.എം. തോമസിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി കൊല്ലം ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി -വർക്കിംഗ് പ്രസിഡന്റ്, വൈ. ശോഭ, ഫാ. ഗീവർഗീസ്, ഡി. തരകൻ, കെ.എസ്.ബിനു -വൈസ് പ്രസിഡന്റുമാർ, എ. ഷാഹുൽ ഹമീദ് മുസ്ലിയാർ, ലത സി. നായർ, ടി.എൻ. ഗോപി, സുരേഷ് ആർ.പിള്ള, ഗീവർഗീസ് മാത്യു തോമസ് -ജോയിന്റ് സെക്രട്ടറിമാർ, കുഴുപ്പള്ളി എൻ. കൃഷ്ണൻ നന്പൂതിരി -ട്രഷറർ.