അതിരപ്പിള്ളിയിൽ ബൈക്ക് യാത്രക്കാരെ കാട്ടാനക്കൂട്ടം ആക്രമിച്ചു
Tuesday, June 3, 2025 2:05 AM IST
അതിരപ്പിള്ളി: മലക്കപ്പാറ -അതിരപ്പിള്ളി റോഡിൽ ബൈക്ക് യാത്രക്കാർക്കു നേരേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനയെ കാണുന്നതിനായി വാഹനം നിർത്തിയ തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രക്കാർക്കുനേരേയാണ് ഇന്നലെ രാവിലെ 8.30ന് ആനക്കയം പാലത്തിനു സമീപമുള്ള മുളംകാടിനടുത്ത് കാട്ടാനകളുടെ ആക്രമണമുണ്ടായത്.
റോഡരികിൽ വാഹനം നിർത്തി നിൽക്കുന്നതിനിടെ ആനക്കൂട്ടം ഇവർക്കു നേരേ പാഞ്ഞടുക്കുകയായിരുന്നു. ആനകളുടെ പെട്ടെന്നുള്ള വരവിൽ ഭയന്ന ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. റോഡിൽ വീണ ബൈക്കിനു ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ച് ചിന്നംവിളിച്ചു. ഹെൽമെറ്റ് ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു.
ഈ റൂട്ടിൽ പോകുന്ന വാഹനയാത്രികരോടു റോഡിൽ വാഹനം നിർത്തുകയോ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന് വനപാലകർ നിർദേശം നൽകാറുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചു വാഹനം നിർത്തുന്നവരാണ് അപകടത്തിൽപ്പെടുന്നത്.