പടിഞ്ഞാറൻ മഹാരാഷ്ട്രയിലും കർണാടകത്തിലും പ്രളയം; മരണം 19 ആയി, 1.32 ലക്ഷം പേരെ മാറ്റിപാർപ്പിച്ചു
Thursday, August 8, 2019 12:41 AM IST
ബംഗളൂരു: പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ഉത്തര കർണാടകത്തിലെ തീരദേശങ്ങളിലും മഴ കനത്തു. ഏഴുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്ട്രയിൽ 16 പേരും കർണാടകത്തിൽ മൂന്നു പേരും മരിച്ചു. പൂന മേഖലയിൽ പൂന, കോലാപുർ, സാംഗ്ലി, സത്താറ, സോളാപുർ ജില്ലകളിലെ 1.32 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
കർണാടകത്തിലെ ബെൽഗാവിയിൽ വീട് തകർന്ന് സ്ത്രീ മരിച്ചു. ധർവാഡ് ജില്ലയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണ് കാണാതായി. ബെൽഗാവിയിൽ ചൊവ്വാഴ്ച രാത്രി വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചിരുന്നു. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദേശം നല്കി.
മഹാരാഷ്ട്രയിലെ ഉജ്ജനി ഡാം നിറഞ്ഞുകവിഞ്ഞതോടെ സോളാപുർ ജില്ലയിലെ ക്ഷേത്രനഗരമായ പന്ഥർപുരിൽനിന്ന് 2500 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.