സംഘർഷം: ജയ്പുരിൽ നിരോധനാജ്ഞ
Wednesday, August 14, 2019 11:57 PM IST
ജയ്പുർ: സാമുദായിക ലഹള നിലനിൽക്കുന്ന രാജസ്ഥാനിലെ ജയ്പുരിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഞ്ചുദിവസത്തേക്കാണു നിരോധനാജ്ഞ. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ 15 പേരാണ് പിടിയിലായത്. ചേരിതിരിഞ്ഞുള്ള കല്ലേറിൽ ഒൻപതു പോലീസുകാരുൾപ്പെടെ 24 പേർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഡൽഹി ഹൈവേയിൽ ഗൽട്ട ഗേറ്റിനു സമീപം ഹരിദ്വാർ ബസിനുനേർക്കുണ്ടായ കല്ലേറിനെത്തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ജയ്പുരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് രാജസ്ഥാൻ ഡിജിപി ഭുപേന്ദ്ര സിംഗ് പറഞ്ഞു.