പദ്മശ്രീ ദാമോദർ ഗണേശ് ബപത് അന്തരിച്ചു
Sunday, August 18, 2019 12:13 AM IST
ചംപ: കുഷ്ഠരോഗികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാമൂഹിക പ്രവർത്തകനും പദ്മശ്രീ പുരസ്കാര ജേതാവുമായ ദാമോദർ ഗണേശ് ബപത് (84)അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഛത്തീസ്ഗഡിലെ ബിലാസ്പുർ അപ്പോളോ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
കുഷ്ഠരോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ജംജ്ഗിർ-ചംബ ജില്ലയിലെ സോതി ഗ്രാമത്തിൽ നാൽപ്പതു വർഷത്തിലേറെയായി ഭാരതീയ കുഷ്ഠ നിവാരക് സംഘ് എന്ന സംഘടനയുടെ അമരക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ജനിച്ച ബപത്, 1970ൽ പിതാവിന്റെ നിര്യാണത്തെത്തുടർന്ന് ഛത്തീസ്ഗഡിലെ ജഷ്പുരിലേക്കു താമസം മാറ്റി. തുടർന്ന് ആർഎസ്എസിന്റെ വനവാസി കല്യാൺ ആശ്രമവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 2018ലാണ് പദ്മശ്രീ നല്കി രാഷ്ട്രം ആദരിച്ചത്. ഗവർണർ അനുസൂയ ഉയ്കെയും മുഖ്യമന്ത്രി ഭുപേഷ് ബാഘേലും അനുശോചിച്ചു.