തരുണ്‍ തേജ്പാലിന്റെ ഹർജി തള്ളി
Tuesday, August 20, 2019 1:28 AM IST
ന്യൂഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെഹൽക സ്ഥാപക എഡിറ്റർ തരുണ്‍ തേജ്പാൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മാനഭംഗക്കുറ്റം ചുമത്തിയ ഗോവ സെഷൻസ് കോടതിയുടെ ഉത്തരവിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിചാരണ നേരിടാൻ ഹർജിക്കാരനോടു നിർദേശിച്ചു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
2013ൽ ഗോവയിൽ നടത്തിയ തിങ്ക് ഫെസ്റ്റിവലിനിടെ സഹപ്രവർത്തകയെ ലിഫ്റ്റിനുള്ളിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. തനിക്കെതിരേയുള്ള പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമാണ് തേജ്പാൽ ഇന്നലെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, തേജ്പാലിനെതിരേയുള്ള ആരോപണവും ചുമത്തിയ കുറ്റങ്ങളും അതീവ ഗൗരവമേറിയതാണെന്നു കോടതി നിരീക്ഷിച്ചു.