ചെന്നൈയിൽ ഹോർഡിംഗ് അടർന്നു വീണ് സ്കൂട്ടർ നിയന്ത്രണം വിട്ടു, ടാങ്കർ കയറി യുവതി മരിച്ചു
Saturday, September 14, 2019 12:11 AM IST
ചെ ന്നൈ: ചെന്നൈയിൽ അണ്ണാ ഡിഎംകെയുടെ ഹോർഡിംഗ് ഇളകി വീണതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഐടി ഉദ്യോഗസ്ഥയായ ആർ. ശുഭശ്രീ(23) മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ശുഭശ്രീയുടെ മുകളിലേക്കു റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഹോർഡിംഗ് മറിഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. വാഹനത്തോടൊപ്പം റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന വാട്ടർ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ടാങ്കർ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെയുടെ പ്രാദേശിക നേതാവ് സി. ജയഗോപാൽ ആണു ഹോർഡിംഗുകൾ സ്ഥാപിച്ചത്.
ശുഭശ്രീയുടെ മരണത്തിൽ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം അരങ്ങേറി. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തി. ശുഭശ്രീക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണ മെന്നു കോടതി ഉത്തരവിട്ടു. റോഡിൽ ചായമടിക്കാൻ സംസ്ഥാന സർക്കാരിന് എത്ര ലിറ്റർ രക്തം വേണ്ടിവരുമെന്ന് ജസ്റ്റീസുമാരായ എം. സത്യനാരായണൻ, എൻ. ശേഷസായി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. മുഖ്യമന്ത്രി കെ. പളനിസ്വാമിയെങ്കിലും ഇത്തരം അനധികൃത ബാനറുകൾക്കെതിരേ പ്രസ്താവന പുറത്തിറക്കണമെന്ന് ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.